Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽ ഖത്തർ എയർവേയ്സ് വിമാനം റൺവേയിൽ സ്ഥാനംതെറ്റി ഇറങ്ങി; റൺവേ ലൈറ്റുകൾ തകർന്നു

Nic95148

കൊച്ചി∙ ദോഹയിൽനിന്നു 306 യാത്രക്കാരുമായി നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഖത്തർ എയർവേയ്സ് വിമാനം റൺവേയിൽ മധ്യരേഖയിൽനിന്നു മാറിയിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ വിമാനം നിയന്ത്രിച്ചു നേരെയാക്കാൻ പൈലറ്റിനു കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. റൺവേയിലെ ഏതാനും ലൈറ്റുകൾക്കു കേടു പറ്റിയതൊഴിച്ചാൻ മറ്റു നാശങ്ങളില്ല.

ഇന്നലെ പുലർച്ചെ 2.19നാണ് ഖത്തർ എയർവേയ്സിന്റെ ക്യൂ ആർ 516 വിമാനം കൊച്ചിയിലെത്തിയത്. എയർബസിന്റെ എ 330 ഇനത്തിൽപ്പെട്ട ഈ വിമാനത്തിന് ഇറങ്ങാൻ അനുമതിയും ലഭിച്ചു. ലാൻഡ് ചെയ്യാനായി താഴ്ന്നപ്പോഴേക്കും പെട്ടെന്നു ശക്തമായ കാറ്റും മഴയും ഉണ്ടാവുകയും കാറ്റിൽ വിമാനം റൺവേയുടെ മധ്യരേഖയിൽനിന്നു മൂന്നു മീറ്ററോളം വലത്തോട്ടു മാറി ഇറങ്ങുകയുമാണത്രെ ഉണ്ടായത്. പൈലറ്റ് ഉടൻ വിമാനം നേർരേഖയിലേക്കു കൊണ്ടുവന്ന് സാധാരണപോലെ പാർക്കിങ് ബേയിലേക്കു മാറ്റി. വിമാനത്തിന് ഉലച്ചിലുണ്ടാകാതിരുന്നതിനാൽ യാത്രക്കാർ ഇക്കാര്യം അറിഞ്ഞില്ല.

റൺവേയുടെ വലതു ഭാഗത്തെ 12 ലീഡിങ് ലൈറ്റുകൾ അപകടത്തിൽ തകർന്നു. ലൈറ്റുകൾ പുനഃസ്ഥാപിക്കുന്നതിനും റൺവേയിൽ പരിശോധനകൾ നടത്തുന്നതിനുമായി അൽപനേരം റൺവേ അടച്ചിട്ടെങ്കിലും വിമാനങ്ങൾ തിരിച്ചുവിടേണ്ടി വന്നില്ല. ഈ സമയത്ത് ഇറങ്ങാനെത്തിയ എമിറേറ്റ്സിന്റെ ദുബായ്– കൊച്ചി വിമാനം അൽപസമയം മുകളിൽ ചുറ്റിക്കറങ്ങി. ഇവിടെനിന്നു പോകേണ്ടിയിരുന്ന ഫ്ലൈ ദുബായുടെ ദുബായ് വിമാനം പുറപ്പെടാനും അൽപം വൈകി.

പുലർച്ചെ 3.40നു റൺവേ പരിശോധനകൾ പൂർത്തിയാക്കി വ്യോമഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തെത്തുടർന്ന് ഖത്തർ എയർവേയ്സ് വിമാനത്തിന്റെ ദോഹയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി. ഈ വിമാനത്തിൽ പോകേണ്ടിയിരുന്ന യാത്രക്കാരെ മറ്റു വിമാനങ്ങളിൽ കയറ്റിവിട്ടു. പിന്നീടു യാത്രക്കാരില്ലാതെ ഇവിടെനിന്നു പോയ ഈ വിമാനത്തിന്റെ ടയറുകൾ മാറ്റി, സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയശേഷം വിശദ പരിശോധനയ്ക്കായി വൈകിട്ടോടെ ദോഹയിലെ ഖത്തർ എയർവേയ്സ് ബേയിലേക്കു മാറ്റി.

വില്ലൻ ക്രോസ് വിൻഡ്

ക്രോസ് വിൻഡ് എന്ന പ്രതിഭാസമാണ് ഖത്തർ എയർവേയ്സ് വിമാനത്തിന്റെ അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. വിമാനം ഇറങ്ങുന്നതിനിടെ എതിർദിശയിൽനിന്നു ശക്തമായ കാറ്റ് ആഞ്ഞടിച്ച് വിമാനത്തിന്റെ ഗതി തെറ്റുന്ന പ്രതിഭാസമാണിത്.

സംഭവത്തെക്കുറിച്ചു വിമാനത്താവള സുരക്ഷാ വിഭാഗവും സിവിൽ വ്യോമയാന ഡയറക്ടർ ജനറലും പ്രത്യേകം അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ മേയ് 27നും സമാനമായ അപകടം ഇവിടെ ഉണ്ടായി. അന്ന് 228 യാത്രക്കാരുമായി കൊളംബോയിൽനിന്നു വന്ന ശ്രീലങ്കൻ എയർവേയ്സ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അന്നും യാത്രക്കാർക്കു പരുക്കോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായില്ല.