Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പിനെതിരെ വനിതാ സംഘടനകളുടെ നേതാക്കൾ രംഗത്ത്;വത്തിക്കാൻ സ്ഥാനപതിയെ കാണാൻ നീക്കം

Franco Mulakkal

ന്യൂഡൽഹി∙ പീഡനാരോപണം നേരിടുന്ന ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വിവിധ വനിതാ സംഘടനകളുടെ നേതാക്കൾ രംഗത്ത്. വിഷയം ചർച്ചചെയ്യുന്നതിന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയോടു സമയം ചോദിച്ചതായി നേതാക്കൾ വ്യക്തമാക്കി. ദേശീയ വനിതാ കമ്മിഷൻ മുൻ അധ്യക്ഷ മോഹിനി ഗിരി, ശബ്നം ഹാഷ്മി (അൻഹദ്), ജ്യോൽസന ചാറ്റർജി (ജോയിന്റ് വിമൻസ് പ്രോഗ്രാം), ആനി രാജ (ജനറൽ സെക്രട്ടറി, എൻഎഫ്ഐഡബ്ല്യു) തുടങ്ങിയവരാണു വത്തിക്കാൻ സ്ഥാനപതിയുമായി ചർച്ചയ്ക്കും നടപടിയാവശ്യപ്പെട്ടു നിവേദനം നൽകുന്നതിനും നീങ്ങുന്നത്.

കന്യാസ്ത്രീകളും വൈദികരും മറ്റും വത്തിക്കാൻ സ്ഥാനപതിയോടും അഖിലേന്ത്യാ മെത്രാൻസമിതികളായ സിബിസിഐ, സിസിബിഐ എന്നിവയുടെ അധ്യക്ഷൻ കർദിനാൾ ഓസ്വൾഡ് ഗ്രേഷ്യസിനോടും നേരത്തേ പരാതിപ്പെട്ടിരുന്നു. കന്യാസ്ത്രീകളുടെയും വൈദികരുടെയും പരാതികളിൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ അവരുടെ അഭ്യർഥനപ്രകാരമാണു തങ്ങളുടെ നീക്കമെന്നു വനിതാ നേതാക്കൾ സൂചിപ്പിച്ചു.

അന്വേഷണം നടക്കുന്നതു പരിഗണിച്ചു ബിഷപ് ഫ്രാങ്കോയെ അജപാലനപരമായ ചുമതലകളിൽനിന്നു മാറ്റിനിർത്തണമെന്നു മാർപാപ്പയെ ഉപദേശിക്കണമെന്നാണു കന്യാസ്ത്രീകൾ വത്തിക്കാൻ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോയ്ക്കു നേരത്തേ നൽകിയ പരാതിയിലെ പ്രധാന ആവശ്യം.

കർദിനാൾ ഓസ്വൾഡിനു നൽകിയ പരാതിയിൽ പറയുന്നത്:

∙ ദൈവത്തിന്റെ പ്രതിപുരുഷനായ ബിഷപ് ലൈംഗികാരോപണം നേരിടുന്നത് ദൈവവിശ്വാസത്തിനുതന്നെ ഉലച്ചിലുണ്ടാക്കുന്ന സാഹചര്യമാണ്.

∙ ആരോപണവിധേയരായ ബിഷപ്പുമാർക്കെതിരെ നടപടിയെടുത്തു മാർപാപ്പ മാതൃക കാട്ടിയിട്ടുണ്ട്. സിബിസിഐ ആ പാത പിന്തുടരണം.

∙ രൂപതകളിലെ പ്രശ്നങ്ങളിൽ രാജ്യത്തെ നിയമമനുസരിച്ചു നടപടിയുണ്ടാവണം

∙ തൊഴിൽ‍സ്ഥലത്തെ പീഡനം തടയുന്നതിനു സിബിസിഐ പുറത്തിറക്കിയ മാർഗരേഖ എല്ലാ തലങ്ങളിലും കർശനമായി നടപ്പാക്കണം.

∙ പീഡനങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ആത്മീയമായ മുറിവുണക്കൽ ആവശ്യമാണ്.

∙ ആരോപണങ്ങളുണ്ടാകുമ്പോൾ നിശ്ശബ്ദമായിരിക്കുക, നിസ്സഹകരിക്കുക തുടങ്ങിയ രീതികൾ സഭ സ്വീകരിക്കരുത്.

എന്നാൽ, പൊലീസ് അന്വേഷണം നടക്കുന്നതിന്റെ പേരിൽ മാത്രം ബിഷപ്പിനെ ചുമതലകളിൽനിന്നു മാറ്റാനാവില്ലെന്നാണു സഭാനേതൃത്വത്തിലുള്ളവർ സൂചിപ്പിക്കുന്നത്. മാർപാപ്പയുടെ ഉപദേശകസംഘത്തിലെ അംഗമാണു കർദിനാൾ ഓസ്വൾഡ്. അദ്ദേഹത്തിന്റെ നിലപാട് നിർണായകമാവും. ആരോപണപ്രത്യാരോപണങ്ങളെക്കുറിച്ചുള്ള വസ്തുതകൾ ശേഖരിക്കാൻ വത്തിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നാണു സൂചന. എന്നാൽ ഇതു സ്ഥിരീകരിക്കാൻ സഭാവൃത്തങ്ങൾ തയാറായിട്ടില്ല.

related stories