Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീവ്രനിലപാടുള്ള സംഘടനകളെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവുമായി പൊലീസ്

kerala police

കൊല്ലം∙ തീവ്രസ്വഭാവമുള്ള സംഘടനകളെയും പ്രവർത്തകരെയും കർശന നിരീക്ഷണത്തിനു വിധേയമാക്കാൻ ആഭ്യന്തര വകുപ്പിന്റെ പ്രത്യേക സംവിധാനം. ഇത്തരം സംഘടനകളിൽപ്പെട്ടവർ മനുഷ്യാവകാശ സംഘടനകളുടെയും മറ്റും പേരിൽ സജീവമാകുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഇവരും പൊലീസ് നിരീക്ഷണത്തിലാകും.

സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികളിൽ തീവ്രസ്വഭാവമുള്ള സംഘടനകളിൽപ്പെട്ടവർ നുഴഞ്ഞുകയറിയതായി വ്യക്തമായതിനെ തുടർന്നാണു സർക്കാർ നീക്കം. ഇക്കൂട്ടർ മറ്റേതൊക്കെ സംഘടനകളിലാണു സജീവമായിട്ടുള്ളതെന്ന വിവരം ശേഖരിക്കും. ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ടാകും കാര്യങ്ങൾ‌ ഏകോപിപ്പിക്കുക.

എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളെക്കുറിച്ചു ദിവസവും പ്രത്യേക റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവികൾ അതത് ഐജിമാർക്കു കൈമാറണം. ഐജിമാർ എഡിജിപി വഴി ഇതു ഡിജിപിക്കു ന‍ൽകണം. റിപ്പോർട്ട് അടുത്ത ദിവസം രാവിലെ എട്ടിനു മുൻപു ഡിജിപിയുടെ ഓഫിസിൽ ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.

തീവ്രസ്വഭാവമുള്ള സംഘടനകളുടെ എത്ര നേതാക്കളെ ചോദ്യം ചെയ്തു? എത്ര പേരുടെ വീടുകളിൽ പരിശോധന നടത്തി? എത്രപേരെ കരുതൽ തടങ്കലിലാക്കി? എത്ര പേരുടെ അറസ്റ്റ് രേഖപ്പെടുത്തി? എത്ര പേർക്കെതിരെ വാറന്റ് നിലവിലുണ്ട്? തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ചതാകണം റിപ്പോർട്ട്.

ചില മനുഷ്യാവകാശ, സേവന സംഘടനകളുടെയും മറവിൽ തീവ്രസ്വഭാവമുള്ള സംഘടനാംഗങ്ങൾ സജീവമാണെന്ന വിവരത്തെ തുടർന്ന് ഈ സംഘടനകളെയും കർശനമായി നിരീക്ഷിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇവയുടെ പ്രവർത്തനവും സജീവ പ്രവർത്തകരെയുംകുറിച്ചും പ്രത്യേക റിപ്പോർട്ടുകൾ സമർപ്പിക്കാൻ ജില്ലാ സ്പെഷൽ ബ്രാഞ്ച് പൊലീസിനും സംസ്ഥാന ഇന്റലിജ‍ൻസ് വിഭാഗത്തിനും ഡിജിപി നിർദേശം നൽകി. സംശയമുള്ളവരെ കണ്ടെത്തി റിപ്പോർട്ട് ചെയ്യണം.