Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചലച്ചിത്ര അവാർഡ് മേളയിൽ മോഹൻലാൽ പങ്കെടുക്കും

Mohanlal

തിരുവനന്തപുരം∙ വിവാദങ്ങൾ അവഗണിച്ചു സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുള്ള സർക്കാരിന്റെ ക്ഷണം നടൻ മോഹൻലാൽ സ്വീകരിച്ചു. ഓഗസ്റ്റ് എട്ടിനു നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് അവാർഡ് വിതരണം. ഏതാനും ദിവസം മുമ്പു മന്ത്രി എ.കെ.ബാലൻ ലാലിനെ കണ്ടപ്പോൾ ചടങ്ങിലേക്ക് അനൗപചാരികമായി ക്ഷണിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ ഫോണിൽ വിളിച്ചു സംസാരിക്കുകയും ചടങ്ങിലേക്കു ക്ഷണിക്കുകയും ചെയ്തു.

ഇടതു ബുദ്ധിജീവികൾ ഉൾപ്പെടെയുള്ള ഒരുവിഭാഗം ആളുകൾ ഉയർത്തുന്ന സമ്മർദത്തിനു വഴങ്ങേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ച സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിളി. ഇതിന്റെ തുടർച്ചയായി ഇന്നലെ ഔദ്യോഗികമായി ക്ഷണിച്ചു മന്ത്രി ബാലൻ ഇ–മെയിൽ സന്ദേശം അയച്ചു. താൻ പങ്കെടുക്കുന്നതായി അറിയിച്ചു മോഹൻലാലിന്റെ മറുപടി വൈകാതെ വന്നു.

വണ്ടിപ്പെരിയാറിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫർ’ ചിത്രത്തിൽ അഭിനയിക്കുകയാണു മോഹൻലാൽ. അതേസമയം, പ്രതിഷേധക്കാർ പഴയ നിലപാടിൽ തുടരുകയാണ്. മോഹൻലാൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ ചടങ്ങിൽനിന്നു വിട്ടുനിൽക്കുമെന്നു സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗവും സംവിധായകനുമായ ഡോ. ബിജു അറിയിച്ചിട്ടുണ്ട്. ഇത്തരമൊരു നിലപാടു സ്വീകരിച്ചതിന്റെ പേരിൽ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ചിലർ രൂക്ഷമായ ആക്രമണം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പരാതിപ്പെട്ടു.