Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്ര തൊഴിലാളിദ്രോഹ നയത്തിനെതിരെ ഭാരതബന്ദ് നടത്തും: സഞ്ജീവ റെഡ്ഢി

intuc-camp-inauguration ആലപ്പുഴയിൽ നടന്ന ഐഎൻടിയുസി സംസ്ഥാന നേതൃത്വ ക്യാംപ് ദേശീയ പ്രസിഡന്റ് ജി. സഞ്ജീവ് റെഡ്‌ഡി ഉദ്‌ഘാടനം ചെയ്യുന്നു. ശ്രീകൃഷ്ണൻ ശ്രീനിവാസൻ, എം ലിജു, ശശി തരൂർ എംപി, ആർ. ചന്ദ്രശേഖരൻ, കെ. സുരേന്ദ്രൻ, എൻ. ഹരിദാസ് തുടങ്ങിയവർ സമീപം.

ആലപ്പുഴ ∙ നരേന്ദ്രമോദി സർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങളോടു പ്രതിഷേധിക്കാൻ ഭാരത് ബന്ദ് നടത്തുമെന്ന് ഐഎൻടിയുസി ദേശീയ പ്രസിഡന്റ് ഡോ. ജി.സഞ്ജീവ റെഡ്ഢി പറഞ്ഞു. ഐഎൻടിയുസി സംസ്ഥാന ട്രേഡ് യൂണിയൻ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടോ മൂന്നോ ദിവസം ട്രെയിൻ ഗതാഗതം ഉൾപ്പെടെ സ്തംഭിപ്പിച്ചുള്ള ശക്തമായ പ്രതിഷേധമാകും ഉണ്ടാകുക. ഒക്ടോബർ, നവംബർ മാസങ്ങളിലൊന്നിലാകും സമരമെന്നും പറ‍ഞ്ഞു. ഐഎൻടിയുസിയുടെ കർമ ദശാബ്ദം സ്മരണിക ശശി തരൂർ എംപി പ്രകാശിപ്പിച്ചു. അസംഘടിത തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസിക്കെതിരെയല്ലെന്നും സംഘടിക്കാതെ പോകുന്നവരെ കോൺഗ്രസിന്റെ ഭാഗമാക്കാനാണ് അതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി കൃഷ്ണൻ ശ്രീനിവാസൻ, ഡിസിസി പ്രസിഡന്റ് എം.ലിജു, എ​ം.പി.പത്മനാഭൻ, കെ.സുരേന്ദ്രൻ, വി.ജെ.ജോസഫ്, എൻ.എസ്.നായർ, പി.ജെ.ജോയി, പി.കെ.അനിൽകുമാർ, കെ.പി.ഹരിദാസ്, മലയാലപ്പുഴ ജ്യോതിഷ് കുമാർ, ജി.ബൈജു, എൻ.ഹരിദാസ്, കൃഷ്ണവേണി ശർമ, മനോജ് ഇടനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ്: വാർഡ് തോറും കർമസേന

അടുത്ത ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡടിസ്ഥാനത്തിൽ കോൺഗ്രസ് പ്രചാരണത്തിന് ഐഎൻടിയുസി കർമസേന രൂപീകരിക്കും. ഒരു വാർഡിൽ അഞ്ചുപേരുടെ സംഘമാണു പ്രവർത്തിക്കുക. 22,000 വാർഡുകളിലായി 1.25 ലക്ഷം ഐഎൻടിയുസി പ്രവർത്തകർ കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു.