Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷാപ്രവർത്തനം പട്ടാളത്തെ ഏൽപിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും: ശ്രീധരൻപിള്ള

P.S. Sreedharan Pillai

കൊച്ചി ∙ പ്രളയദുരിതത്തിൽ നിന്നുള്ള രക്ഷാപ്രവർത്തനം പട്ടാളത്തെ ഏൽപിക്കാൻ സംസ്ഥാന സർക്കാർ തയാറായില്ലെങ്കിൽ ബിജെപി കോടതിയെ സമീപിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. സമാനസ്ഥിതി നേരിട്ട മറ്റു സംസ്ഥാനങ്ങളിലെല്ലാം ഈ രീതി പിന്തുടർന്നിട്ടും കേരളം വാശിപിടിക്കുന്നതു ഗുരുതര വീഴ്ചയാണ്. 

പട്ടാളത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ഏകോപനമാണു മറ്റിടങ്ങളിൽ വിജയകരമായതെങ്കിൽ, ഇവിടെ മറ്റു വകുപ്പുകളുടെ നേതൃത്വത്തിൽ പട്ടാളത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതു പരാജയമാണെന്നു ചെങ്ങന്നൂരിലെയും മറ്റും അനുഭവങ്ങൾ തെളിയിക്കുന്നതായും ശ്രീധരൻപിള്ള പറഞ്ഞു. 

രക്ഷാപ്രവർത്തനം പട്ടാളത്തെ ഏൽപിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പ്രഖ്യാപിക്കുമ്പോൾ, ഉടൻ പട്ടാളത്തെ ഇറക്കി രക്ഷിക്കണമെന്നാണ് സിപിഎം എംഎൽഎ ആവശ്യപ്പെടുന്നത്. ചെങ്ങന്നൂരിലെ ഗുരുതരാവസ്ഥയെക്കുറിച്ചു താൻ നേരിട്ടു സിപിഎം സംസ്ഥാന സെക്രട്ടറിയോടു ഫോണിൽ പറഞ്ഞതാണ്. എന്നിട്ടും നടപടി സ്വീകരിച്ചില്ല. ബിജെപി മാത്രമാണു സംസ്ഥാനത്തു നേരിട്ടു ഹെൽപ് ഡെസ്ക് തുറന്നത്. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ 1,500 ക്യാംപുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിൽനിന്നു സഹായം അയയ്ക്കാൻ ബിജെപി പാർട്ടി ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് ബിജെപി കമ്മിറ്റി അയച്ച 10,000 കമ്പിളിപ്പുതപ്പ് ഇന്നു സംസ്ഥാനത്തെത്തും. ദുരിതാശ്വാസപ്രവർത്തനം ഊർജിതപ്പെടുത്താൻ കെ. സുരേന്ദ്രൻ (കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകൾ), ശോഭാ സുരേന്ദ്രൻ (പാലക്കാട്, മലപ്പുറം), എ.എൻ. രാധാകൃഷ്ണൻ (എറണാകുളം, തൃശൂർ), എം.ടി. രമേശ് (പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി), എം. ഗണേഷ് (തിരുവനന്തപുരം) എന്നിവരെ ചുമതലപ്പെടുത്തിയതായും ശ്രീധരൻപിള്ള അറിയിച്ചു. 

കേരളത്തിലെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ല എന്നതിനാൽ ദേശീയദുരന്തത്തിനു സമാനമായ നഷ്ടപരിഹാരം കേരളത്തിനു ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം പ്രധാനമന്ത്രിക്കു നൽകിയതായി ശ്രീധരൻ പിള്ള പറഞ്ഞു. 

related stories