Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷയുടെ കരയിൽ ഈ പാൽപുഞ്ചിരി

Mother-Child ഈ ചിരിയാണു കുഞ്ഞേ, കരുത്തായത്: ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ വെള്ളപ്പൊക്കത്തിൽനിന്നു രക്ഷപ്പെടുത്തിയ അഖില, രണ്ടു മാസം പ്രായമായ മകൻ ആരവിന്റെ ചിരി കണ്ടു വിതുമ്പുന്നു. അഞ്ചു ദിവസമായി വീട്ടിൽ അകപ്പെട്ട ഈ അമ്മയെയും മകനെയും അച്ഛൻ അരുണിന്റെ നേതൃത്വത്തിൽ മൂന്നാം തവണത്തെ ശ്രമത്തിലാണു രക്ഷിക്കാൻ കഴിഞ്ഞത്. ഭക്ഷണം പോലുമില്ലാതെ കഴിയുകയായിരുന്നു അഖില. മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞിനും ഈ ദിവസങ്ങളിൽ പട്ടിണിയുടെ രുചി അറിയേണ്ടിവന്നു. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ

ചെങ്ങന്നൂർ∙ അമ്മയുടെ കയ്യിൽ, കമ്പിളിപ്പുതപ്പിന്റെ ഇളംചൂടിൽ കിടന്ന് ആരവ് പുഞ്ചിരിച്ചു. ആ പാൽപുഞ്ചിരി കണ്ട് അഖിലയുടെ കണ്ണുകൾ നിറഞ്ഞു. 

പ്രളയത്തിന്റെ നടുവിൽ, മഴത്തണുപ്പിൽ അമ്മയോടു പറ്റിച്ചേർന്ന അഞ്ചു നാളുകൾ അതിജീവിച്ചെത്തിയതാണ് ഈ രണ്ടുമാസക്കാരൻ ‘ധീരൻ!’ മുലപ്പാൽ നൽകേണ്ട അമ്മ ആ ദിവസമെല്ലാം പട്ടിണിയായിരുന്നു. രക്ഷിക്കാനെത്തിയ അച്ഛനെ രണ്ടു വട്ടം പ്രളയജലം വഴിയിൽ തടഞ്ഞു. ഒടുവിൽ അഞ്ചാംനാൾ രക്ഷയുടെ കരയിൽ.  

തിരുവൻവണ്ടൂർ അനിതാലയത്തിൽ അഖിലയുടെയും തിരുവനന്തപുരം വിമാനത്താവളം ജീവനക്കാരനായ കണിയാപുരം സ്വദേശി അരുണിന്റെയും മകനാണ് ആരവ്. പ്രസവത്തിനായാണ് കണിയാപുരത്തുനിന്ന് അഖില സ്വന്തം  വീട്ടിലെത്തിയത്. ഭർതൃഗ്രഹത്തിലേക്കു മടങ്ങും മുൻപ്  പ്രളയമെത്തി. അമ്മ അനിത, അനുജത്തി അനില, അമ്മൂമ്മ അമ്മിണി, മറ്റുചിലർ എന്നിവർക്കൊപ്പം വീട്ടിൽ കുടുങ്ങി. 

രണ്ടുതവണ അനിതയുടെ വീട്ടിലേക്കെത്താൻ അരുൺ ശ്രമിച്ചതാണ്. ആദ്യം എത്തിയപ്പോൾ കല്ലിശേരി കടന്നുപോകാൻ കഴിയാത്ത വെള്ളക്കെട്ട്. അടുത്ത ദിവസം പന്തളത്തു തന്നെ യാത്ര മുടങ്ങി. ഒടുവിൽ, ഇന്നലെ ആറ്റുവെള്ളം വലിഞ്ഞു തുടങ്ങിയപ്പോഴാണ് രക്ഷാപ്രവർത്തകർക്കൊപ്പം അരുണും ജ്യേഷ്ഠൻ കിരണും ഉറ്റവർ തടവിലായ വെള്ളം കടന്നുചെന്നത്.

നെഞ്ചറ്റം വെള്ളത്തിലൂടെയായിരുന്നു തിരിച്ചുള്ള യാത്ര. ആരവിനെ ഉയർത്തിപ്പിടിച്ചും ബോട്ടിൽ കിടത്തിയും കരപറ്റി.

related stories