Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരകയറാൻ വേണം 15,000 കോടി; നബാർഡിൽ നിന്ന് 5000 കോടി രൂപ വായ്പയ്ക്ക് അനുമതി

trivandrum-kerala-help

തിരുവനന്തപുരം∙ കാലവർഷക്കെടുതിയിൽ തകർന്ന സംസ്ഥാനത്തെ പുനർനിർമിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നബാർഡിൽ നിന്ന് 5,000 കോടി രൂപ വായ്പ എടുക്കാൻ മന്ത്രിസഭ അനുമതി നൽകി. നാലു ശതമാനം പലിശ നിരക്കിലാണു വായ്പ. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നബാർഡ് അധികൃതരുമായി മന്ത്രി തോമസ് ഐസക് ബന്ധപ്പെട്ടു.

സംസ്ഥാനത്തിന് ഇത്രയും വായ്പ ലഭിക്കുമെന്നാണു സൂചന. നബാർഡിന്റെ ആർഐഡിഎഫിൽ (റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ട്) ഉൾപ്പെടുത്തിയാണു വായ്പ എടുക്കുക. അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം കൃഷി, ജലസേചനം, സാമൂഹിക മേഖല തുടങ്ങിയവയിലെല്ലാം ദീർഘകാല പദ്ധതി നടപ്പാക്കുന്നതിനു സഹായം തേടും.

കരകയറാൻ വേണം 15,000 കോടി

പ്രളയം വരുത്തിയ നഷ്ടത്തിൽനിന്നു കരകയറാൻ സംസ്ഥാന സർക്കാരിനു വേണ്ടതു 15,000 കോടിയോളം രൂപ. ഇൗ സാമ്പത്തിക വർഷത്തെ ബജറ്റിൽ പദ്ധതി പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിട്ടുള്ള 10,330 കോടി രൂപയിലധികം തുക ദുരന്തനിവാരണത്തിനും നഷ്ടപരിഹാരത്തിനും മാത്രമായി ചെലവിടേണ്ടി വരുമെന്നതിനാൽ കഴിയുന്നത്ര മാർഗങ്ങളിലൂടെ വരവ് വർധിപ്പിക്കാനാണു ധനവകുപ്പിന്റെ തീരുമാനം.

മദ്യത്തിന് എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചതു വഴി 230 കോടി രൂപ കിട്ടുമെന്നാണു പ്രതീക്ഷയെങ്കിലും മദ്യവിൽപനയിൽ കനത്ത ഇടിവുണ്ടാകുമെന്നതിനാൽ വിചാരിക്കുന്നത്ര അധിക വരുമാനം ലഭിക്കാനിടയില്ല. ഓണക്കാല കച്ചവടത്തിലൂടെ റെക്കോർ‌ഡ് നികുതി വരുമാനമാണു സർക്കാർ പ്രതീക്ഷിച്ചിരുന്നത്. കർശന പരിശോധനയ്ക്കായി ഇരുനൂറോളം സ്ക്വാഡുകളെയും രംഗത്തിറക്കിയെങ്കിലും വിപണിയാകെ തകർന്നടിഞ്ഞതിനാൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നികുതി വരുമാനമാകും ഇക്കുറി.

സർക്കാർ ജീവനക്കാരുടെ ഓണം ഉത്സവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ തീരുമാനിച്ചതിലൂടെ 102.26 കോടി രൂപ ലഭിച്ചിട്ടുണ്ട്. സർവകലാശാലകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരുടെ ഉത്സവബത്ത ഇനത്തിൽ 50- 60 കോടി രൂപ കൂടി സർക്കാരിനു ലഭിക്കും. ജീവനക്കാരുടെ ഒന്നോ രണ്ടോ ദിവസത്തെ ശമ്പളം കൂടി ദുരിതാശ്വാസ നിധിയിലേക്കു ലഭിക്കുന്നതോടെ ഇത് 200- 220 കോടി രൂപ വരെ ഉയരുമെന്നാണു പ്രതീക്ഷ.

ലോട്ടറി വിൽപന വഴിയും 200 കോടി രൂപയെങ്കിലും സർക്കാർ പ്രതീക്ഷിക്കുന്നു. ജിഎസ്ടിയുടെ സംസ്ഥാന വിഹിതത്തിൽ 10% സെസ് ഏർപ്പെടുത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചാൽ തന്നെ അതു വലിയൊരു വരുമാന മാർഗമാകില്ല.

പ്രതീക്ഷ ദുരിതാശ്വാസനിധിയിൽ

പ്രതീക്ഷിക്കുന്നതിലേറെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു വരുമെന്നാണു കണക്കൂകൂട്ടൽ. എത്തിയ തുകയും വാഗ്ദാനങ്ങളുമായി ഇപ്പോൾ തന്നെ ആകെ 300 കോടി രൂപ ഉറപ്പാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച 153 കോടി രൂപയും ഉടൻ അക്കൗണ്ടിലെത്തും.

വീടും കൃഷിയും നശിച്ചതിനുള്ള നഷ്ടപരിഹാരം, ദുരിതാശ്വാസ പ്രവർത്തനം, റോഡുകളുടെ പുനർനിർമാണം, വൈദ്യുതിയും കുടിവെള്ള വിതരണവും പുനഃസ്ഥാപിക്കൽ, റേഷൻ വിതരണം തുടങ്ങിയവയ്ക്കാണു സർക്കാർ ഏറ്റവുമധികം തുക ചെലവിടേണ്ടി വരുന്നത്. വരുമാനം ഉറപ്പാക്കാൻ കഴിയാതിരിക്കുകയും ചെലവു ഭീമമായി വർധിക്കുകയും ചെയ്യുന്നതിനാൽ മറ്റൊരു വലിയ കടമെടുപ്പു നടത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

ഇൗ സാമ്പത്തിക വർഷം 25,000 കോടിയാണു കടമെടുപ്പു പരിധി. ഇതിനു പുറമെ 10,000 കോടി രൂപ കൂടി കടമെടുക്കാനുള്ള അനുമതി കേന്ദ്രത്തോടു തേടും.

related stories