Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനുള്ളിൽ മുട്ടോളം ചെളി, കിണറുകളിൽ മലിനജലം.. ചെങ്ങന്നൂരിൽ പ്രളയം ബാക്കിവച്ചത്

Chengannur-House പാണ്ടനാട് പറമ്പത്തൂർപടി പുതുവേലിൽ അച്ചൻകുഞ്ഞിന്റെ വീട് വെള്ളപ്പൊക്കത്തെത്തുടർന്നു ചെളി നിറഞ്ഞപ്പോൾ. ചിത്രം: ആർ.എസ്. ഗോപൻ ∙ മനോരമ

ചെങ്ങന്നൂർ∙ ചെളിമണ്ണിന്റെ നിറമാണു വെള്ളമിറങ്ങിയ ചെങ്ങന്നൂരിന്. ദുരിതപൂർണമായ ജലജീവിതത്തിന്റെ ഏഴുനാൾ പൂർത്തിയാക്കിയ ചെങ്ങന്നൂർ ഇന്നലെ മുതൽ തിരിഞ്ഞു നടക്കുകയാണ്. പതിനഞ്ചടിയിലധികം വെള്ളമുയർന്നിടങ്ങളിൽ മുട്ടോളം ചെളി മാത്രമാണു ശേഷിച്ചത്. വെള്ളം കയറിയ വീടുകളിലും റോഡുകളിലും പമ്പ എത്തിച്ച കറുത്ത ചെളിമണ്ണ് നിറഞ്ഞിരിക്കുന്നു. 

പതിനഞ്ചിന‍ു രാവിലെ ആറു മണിയോടെയാണു ചെങ്ങന്നൂരിന്റെ അതിർത്തിയായ പുത്തൻകാവിൽ റോഡിലേക്കു വെള്ളം കയറിത്തുടങ്ങിയത്. രാത്രിയോടെ വെള്ളം ആറടി മുതൽ പതിനെട്ടടി വരെ ഉയരത്തിലേക്കു നിറഞ്ഞു. പമ്പയ്ക്കു പുറമേ അച്ചൻകോവിലാറും കരകവിയാൻ തുടങ്ങിയതോടെ ചെങ്ങന്നൂർ താലൂക്ക് ഒറ്റപ്പെട്ടു. നാലാം ദിവസമാണു നേവിയുടെ ബോട്ട് ഉൾപ്രദേശങ്ങളിലേക്കെത്തിയത്. മത്സ്യബന്ധന ബോട്ടുകളുൾപ്പെടെ സഹായത്തിനെത്തിയതോടെയാണു എഴുപത്തയ്യായിരത്തോളം പേരെ വിവിധ ക്യാംപുകളിലെത്തിക്കാനായത്. 

ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്കു പൊതുവേ സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നു സർക്കാർ പറയുമ്പോഴും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന പരാതി ചില ക്യാംപുകളിൽ നിന്നുയരുന്നുണ്ട്. വീടുകളിലുൾപ്പെടെ ഒറ്റപ്പെട്ടു കഴിഞ്ഞവർക്കു മാറിയുടുക്കുന്നതിനുള്ള വസ്ത്രങ്ങൾ ഇല്ല. വിവിധ സേനാവിഭാഗങ്ങളും സന്നദ്ധപ്രവർത്തകരും താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ സഹായമെത്തിക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ടു കഴിയുന്നവരിലേക്ക് ഒന്നും എത്താത്ത അവസ്ഥ തുടരുന്നു.

വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. ക‍ിണറുകളിൽ മലിനജലം നിറഞ്ഞിരിക്കുന്നു. ശുചീകരണത്തിനു ബ്ലീച്ചിങ് പൗഡർ ഉൾപ്പെടെയുള്ളവ എല്ലായിടത്തും എത്തിയിട്ടില്ലെന്നതും പുനർജീവനത്തെ ബാധിക്കും. 

related stories