Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നേകാൽ ഏക്കർ ഭൂമി സൗജന്യമായി നൽകി കുടുംബം, ഒന്നര ഏക്കർ നൽകി വൈദികൻ

land-donation ബാലുവും ഭാര്യ ഷീബയും, ഫാ. ജോസ് ചിറ്റടിയിൽ

പീരുമേട്∙ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്കു വീടു വയ്ക്കാൻ 1.25 ഏക്കർ സ്ഥലം സൗജന്യമായി വിട്ടുനൽകാൻ കുടുംബം. ചെറുകിട കരാർ ജോലികൾ ഏറ്റെടുത്തു നടത്തുന്ന പീരുമേട് എൽഎംഎസ് എസ്റ്റേറ്റ് പുതുവലിൽ പാർവതി ഭവനിൽ ബാലു എന്ന വി. പാൽരാജാണ് വീടു നഷ്ടപ്പെട്ടവർക്കു സൗജന്യമായി സ്ഥലം നൽകുന്നത്. ഉപ്പുതറയിലെ ഒരേക്കർ കൈവശ ഭൂമിയും 25 സെന്റ് പട്ടയ വസ്തുവുമാണ് നൽകുന്നത്. ഈ സ്ഥലം കൂടാതെ എൽഎംഎസിൽ വീട് ഉൾപ്പെടുന്ന മൂന്നു സെന്റ് സ്ഥലം മാത്രമാണു ബാലുവിനുള്ളത്.

പ്രളയ ദുരന്തം അനുഭവിക്കുന്നവരുടെ വിവരങ്ങൾ ടിവിയിൽ കണ്ടതിനെത്തുടർന്നു സുഹൃത്തുക്കളുമായി ബാലു പീരുമേട്ടിലെ ദുരിതാശ്വാസ ക്യാംപിൽ പോയിരുന്നു. തിരിച്ചെത്തി ഭാര്യ ഷീബയുമായി ആലോചിച്ച് സ്ഥലം വിട്ടു നൽകാൻ തീരുമാനിക്കുകയായിരുന്നു. തയ്യൽ തൊഴിലാളിയാണ് ഷീബ. 

സ്ഥലം വിട്ടു നൽകുന്നതിനുള്ള സമ്മതപത്രം മന്ത്രി എം.എം. മണിക്കു കൈമാറി. ബാലു–ഷീബ ദമ്പതികൾക്കു രണ്ടു മക്കളാണ്– ഗോപിനാഥും ഗോകുൽനാഥും. മധുരയിൽ പ്ലസ് ടു വിദ്യാർഥിയായ ഗോപിനാഥ് ഫുട്ബോൾ താരമാണ്. ഗോകുൽനാഥ് പെരിയാർ 57–ാം മൈൽ ട്രിനിറ്റി ഗാർഡൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി.

തൊടുപുഴ∙ പ്രളയ ദുരന്തത്തിൽ പാർപ്പിടം നഷ്ടപ്പെട്ടവർക്കു സ്വന്തം പേരിലെ ഒന്നര ഏക്കർ ഭൂമി വിട്ടുനൽകാനൊരുങ്ങി അടിമാലി പാറത്തോട് സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് ചിറ്റടിയിൽ. 

കുടുംബസ്വത്തിന്റെ ഭാഗമായി ലഭിച്ച, മരിയാപുരം പഞ്ചായത്തിലെ കുതിരക്കല്ലിലുള്ള സ്ഥലത്തിൽ ഒരേക്കർ പട്ടയഭൂമിയും അര ഏക്കർ കൈവശഭൂമിയുമാണെന്ന് ഫാ. ജോസ് പറഞ്ഞു. 

ഭൂമി ഇടുക്കി രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റിക്കു നൽകാനാണു പദ്ധതി. സൊസൈറ്റിയുടെ നേത‍ൃത്വത്തിൽ അർഹരായവരെ കണ്ടെത്തി വിതരണം ചെയ്യും. മരിയാപുരം ചിറ്റടിയിൽ ജോസഫിന്റെയും അന്നമ്മയുടെയും ഒൻപതു മക്കളിൽ എട്ടാമനാണ് ഫാ. ജോസ്.

related stories