Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുതോണി, ഇടുക്കി ഡാമിന് മുകളിലൂടെ ബസ് സർവീസ്

തൊടുപുഴ ∙ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്കു മുകളിലൂടെ ഇന്നു മുതൽ ബസ് സർവീസ് നടത്തും. പ്രളയത്തെ തുടർന്ന് ചെറുതോണി പാലത്തിലൂടെ വാഹനങ്ങൾ ഓടിക്കാൻ പറ്റാതെവന്നതോടെ പകരം സംവിധാനം എന്ന നിലയിലാണിത്. തൊടുപുഴ ഡിപ്പോയിൽ നിന്ന് കട്ടപ്പനയിലേക്കുള്ള രണ്ടു കെഎസ്ആർടിസി ബസുകളാണ് കുളമാവ്, ചെറുതോണി വഴി ഡാമുകൾക്കു മുകളിലൂടെ ഓടുക.

ഇന്നു മുതൽ കട്ടപ്പനയിൽ നിന്നു പുലർച്ചെ അഞ്ചു മുതൽ വൈകിട്ട് 5.20 വരെ തൊടുപുഴയിലേക്കും തൊടുപുഴയിൽ നിന്നു രാവിലെ 6.10 മുതൽ വൈകുന്നേരം 6.40 വരെ കട്ടപ്പനയിലേക്കും ഓരോ മണിക്കൂർ ഇടവിട്ടു സർവീസ് ഉണ്ടാകും. 1992ൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയപ്പോൾ അണക്കെട്ടുകൾക്കു മുകളിലൂടെ ബസ് സർവീസ് നടത്തിയിരുന്നു.

കുളമാവ് അണക്കെട്ടിനു മുകളിലൂടെ വാഹനങ്ങൾ കടത്തിവിടുമെങ്കിലും ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്കു മുകളിലൂടെ വാഹനഗതാഗതം അനുവദിച്ചിരുന്നില്ല. ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ ഇപ്പോഴും തുറന്നിരിക്കുകയാണ്. ഇന്നലെ മുതൽ തൊടുപുഴ – ഏലപ്പാറ റൂട്ടിലും ബസ് ഓടിത്തുടങ്ങി. മറ്റു വാഹനങ്ങൾക്ക് അത്യാവശ്യ സർവീസുകൾ മാത്രം അനുവദിക്കുന്നുണ്ട്.