Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി ഫണ്ട്: മുഖ്യമന്ത്രി ഉരുണ്ടുകളിക്കുന്നെന്ന് പ്രതിപക്ഷ നേതാവ്

Ramesh Chennithala

കൊച്ചി∙ ഓഖി ഫണ്ടിലേക്കു കിട്ടിയ തുകയിൽ എത്ര രൂപ ചെലവാക്കിയെന്നു വ്യക്തമായ കണക്കു നൽകാതെ മുഖ്യമന്ത്രി ഉരുണ്ടുകളിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയദുരന്തത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓഖി ഫണ്ടിൽനിന്ന് എത്ര രൂപ ചെലവഴിച്ചെന്നു മുഖ്യമന്ത്രി പറയുന്നില്ല. നിയമസഭയിൽ ജനുവരി 23 നു മുഖ്യമന്ത്രി നൽകിയ മറുപടിയിൽ ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്നു 133 കോടി രൂപ കിട്ടിയെന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതു 111 കോടിയേ കിട്ടിയുള്ളൂ എന്നാണ്. ഏതാണ് ശരി?

ആകെ ലഭിച്ചതു 240 കോടി രൂപയാണ്. പകരം, 218 കോടിയുടെ കണക്കാണു മുഖ്യമന്ത്രി പറയുന്നത്. ബാക്കി 22 കോടി രൂപ എവിടെ പോയി? വാദത്തിനുവേണ്ടി മുഖ്യമന്ത്രിയുടെ കണക്ക് അംഗീകരിച്ചാൽപോലും 65 കോടി രൂപ മാത്രമാണു ചെലവഴിച്ചത്. ബാക്കി തുക എന്തു ചെയ്തുവെന്നു മുഖ്യമന്ത്രി പറയണം. ഇതൊന്നും പറയാതെ പുകമറ സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

ഓഖി ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതർക്കുള്ള നഷ്ടപരിഹാരം ലഭിച്ചു. 143 പേർക്കു സഹായമായി 10,000 രൂപ വീതം 5.72 കോടി കൊടുത്തു. സൗജന്യ റേഷൻ ഇനത്തിൽ 8.31 കോടിയും ചെലവിട്ടു. മറ്റു സംസ്ഥാനങ്ങള‌ിലെ മൽസ്യത്തൊഴിലാളികളെ നാടുകളിലെത്തിക്കാൻ 31 ലക്ഷം രൂപ ചെലവാക്കി. തിരച്ചിൽ നടത്തിയ ബോട്ടുകൾക്കായി 2.18 കോടിയും ചെലവിട്ടു. ഇതല്ലാതെ മുഖ്യമന്ത്രി അവകാശപ്പെടുന്ന ഒരു സഹായവും ഓഖി ദുരന്തത്തിൽപ്പെട്ട മൽസ്യത്തൊഴിലാളികൾക്കു ലഭിച്ചിട്ടില്ല–രമേശ് പറഞ്ഞു.

ആ സ്ഥിതി ആവർത്തിക്കാതിരിക്കാനാണു പ്രളയക്കെടുതി ദുരിതാശ്വാസത്തിനായി പ്രത്യേക നിധി വകയിരുത്തി ചെലവാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.