Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ ഇറക്കുമതി: ഏജൻസികൾക്ക് അംഗീകാരം വൈകിക്കരുതെന്നു കോടതി

കൊച്ചി∙ പ്രളയദുരിതാശ്വാസ സാമഗ്രികളുടെ ഇറക്കുമതിക്കു കസ്റ്റംസ് നികുതിയിളവിന് അർഹതപ്പെട്ട അംഗീകൃത ഏജൻസികൾക്കു സർട്ടിഫിക്കറ്റ് നൽകാൻ അധികാരപ്പെട്ടവർ ആരാണെന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിജ്ഞാപനം ചെയ്യണമെന്നു ഹൈക്കോടതി. അടിയന്തര സാഹചര്യമായതിനാൽ ബന്ധപ്പെട്ട അധികാരികൾ ഏജൻസികളുടെ സർട്ടിഫിക്കറ്റ്/ അംഗീകാര നടപടികൾ വൈകിക്കരുതെന്നു കോടതി വ്യക്തമാക്കി.

ദുരിതാശ്വാസ സാമഗ്രികളുടെ ഇറക്കുമതിക്കു നികുതിയിളവ് അനുവദിച്ച കേന്ദ്ര ഉത്തരവിന്റെ നടത്തിപ്പു ഫലപ്രദമാക്കണമെന്ന് ആവശ്യപ്പെട്ടു പാലാരിവട്ടം സ്വദേശി അനിൽ സെബാസ്റ്റ്യൻ പുളിക്കൽ, മിഷൻ കോഴിക്കോട് എന്നിവർ നൽകിയ ഹർജികളിലാണു ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

മതിയായ രേഖകൾ സമർപ്പിച്ചാൽ മൂന്നു ദിവസത്തിനകം ഏജൻസികൾക്കു സർട്ടിഫിക്കറ്റ് നൽകണം. ഇത്തരം ഏജൻസികൾ ഏതെല്ലാമാണെന്നു കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ മതിയായ പ്രചാരണം നൽകണം. ഇറക്കുമതി സാമഗ്രികൾ സർക്കാരിനെ ഏൽപിക്കാൻ തയാറാകുന്ന ഏജൻസികളുടെ സർട്ടിഫിക്കറ്റ് നടപടി വേഗത്തിലാക്കണം.

വിതരണ നടപടികളിൽ ഇത്തരം ഏജൻസികളുടെ പ്രതിനിധിയെ അനുവദിക്കുകയും എവിടെ വിതരണം ചെയ്യണമെന്ന കാര്യത്തിൽ അവരുടെ അഭിപ്രായം മാനിക്കുകയും വേണമെന്നും കോടതി വ്യക്തമാക്കി.

related stories