Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പമ്പ ത്രിവേണി പാലം മണ്ണിനടിയിൽ കണ്ടെത്തി

Pamba-Triveni ശബരീശ പാതയ്ക്കായി...: ഇത് പ്രളയ‌‌ം ബാക്കിവച്ച പമ്പ. ഭക്തലക്ഷങ്ങൾ പുണ്യസ്നാനം നടത്തി മലചവിട്ടിയ പമ്പാനദിയുടെ പഴയ സ്ഥാനത്ത് ഇന്നു മണൽത്തിട്ടയാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ നദി ഗതിമാറി ഒഴുകുന്നു. മഹാപ്രളയത്തിൽ ഒലിച്ചെത്തിയ കല്ലും മണ്ണും രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തിൽ അടിഞ്ഞു കൂടി മൂടിപ്പോയ പമ്പാ ത്രിവേണി പാലം വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. മണൽമൂടിയ പാലത്തിന്റെ കൈവരികളാണ് തെളിഞ്ഞു കാണുന്നത്. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

ശബരിമല∙ മഹാപ്രളയത്തിൽ ഒലിച്ചു പോയതായി കരുതിയ ത്രിവേണി പാലം  കണ്ടെത്തി. ഗതിമാറി ഒഴുകുന്ന പമ്പാനദിയെ പഴയ സ്ഥാനത്തു കൂടി ഒഴുക്കാൻ മണ്ണു നീക്കി ചാലുവെട്ടിയെത്തിയപ്പോഴാണ് പാലം കണ്ടത്. പ്രളയം പമ്പയെ തകർത്തടിച്ചതിനാൽ നദിയുടെ മറുകര എത്താൻ മാർഗമില്ലാതായിരുന്നു. 

വെള്ളപ്പൊക്കത്തിൽ കുത്തിയൊലിച്ചുവന്ന കല്ലും മണ്ണും അഞ്ചര മീറ്റർ വരെ ഉയരത്തിൽ അടിഞ്ഞുകൂടി പണ്ട് നദി ഒഴുകിയിരുന്ന സ്ഥാനം മുഴുവൻ കരയായി മാറി. അതിനാൽ ത്രിവേണിയിലെ പാലം ഒലിച്ചു പോയതായാണ്  കരുതിയിരുന്നത്. അഞ്ചു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു മൂന്നു ദിവസമായി നടത്തിയ പരിശ്രമത്തിലാണ് പാലത്തിന്റെ കൈവരി കണ്ടത്. 

കേടുപാടുകൾ ഉണ്ടാകാത്ത വിധത്തിൽ മണ്ണു നീക്കി ആദ്യം പാലം തെളിച്ചെടുത്തു. വേരുകളും മണ്ണും അടിഞ്ഞു കിടന്നതിനാൽ ഏറെ പണിപ്പെട്ടാണ് ഇതു സാധിച്ചത്. 

പമ്പ, കക്കി എന്നീ നദികൾ ത്രിവേണി പാലത്തിനു മുകളിലാണ് നേരത്തേ സംഗമിച്ചിരുന്നത്. കക്കിയാറ്റിലൂടെ ഒഴുകിവന്ന കല്ലും മണ്ണും രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തിൽ മൺതിട്ട തീർത്തതിനാൽ പമ്പാനദിക്ക് നേരെ ഒഴുകാൻ കഴിയാതെയാണ് ഗതിമാറിയത്. ഹോട്ടലുകൾ, ശുചിമുറി സമുച്ചയം, അന്നദാന മണ്ഡപം എന്നിവയ്ക്ക് ഇടയിലൂടെയാണ് ഇപ്പോൾ പമ്പാനദി. ത്രിവേണി നടപ്പാലത്തിനു താഴെയായിട്ടാണ് ഇപ്പോൾ പമ്പയും കക്കിയാറും സംഗമിക്കുന്നത്.

ചാലു വെട്ടി പാലത്തിന്റെ രണ്ട് തൂണുകൾക്കിടയിലൂടെ കക്കിയാറ്റിലെ വെള്ളം വൈകിട്ടോടെ തിരിച്ചുവിടാനായി. ഇതോടെ വടത്തിൽ പിടിച്ച് ഒരുഭാഗത്ത് മറുകര കടക്കാൻ കഴിയുന്ന വിധമായിട്ടുണ്ട്.

ഉയരമുള്ള പാലത്തിനു പദ്ധതി

ശബരിമല∙ പ്രളയത്തെ അതിജീവിക്കാൻ പമ്പയിൽ പുതിയ പാലം നിർമിക്കും. എത്ര വലിയ വെള്ളപ്പൊക്കം വന്നാലും പമ്പയിലെ പെട്രോൾ പമ്പിന്റെ ഭാഗത്തുനിന്നു ഗണപതികോവിലിൽ എത്തത്തക്ക വിധത്തിൽ ഉയരമുള്ള പാലം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള സാധ്യതാ പഠനം ടാറ്റാ കൺസ്ട്രക്‌ഷൻ ഗ്രൂപ്പ് നടത്തി. നാളെ ഇതു സംബന്ധിച്ച റിപ്പോർട്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിക്കു നൽകും.

പമ്പയിലുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും പ്രളയത്തിൽ നശിച്ചതിനാൽ തീർഥാടകർക്കുള്ള ശുചിമുറികൾ, വിശ്രമ കേന്ദ്രങ്ങൾ, ജലവിതരണ സംവിധാനം, വൈദ്യുതി, തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കാൻ ഇവരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

related stories