Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനി: അതീവജാഗ്രത ആറു ജില്ലകളിൽ

minister ജില്ലാ ഭരണകൂടത്തിന്റെയും കോഴിക്കോട് കോർപറേഷന്റെയും ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ നടന്ന എലിപ്പനി പ്രതിരോധ പ്രചാരണ പരിപാടിയിൽ പ്രതിരോധ ഗുളിക കഴിക്കുന്ന മന്ത്രി ടി.പി രാമകൃഷ്ണന് മന്ത്രി എ.കെ ശശീന്ദ്രൻ വെള്ളം നൽകുന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ സമീപം. ചിത്രം : മനോരമ.

കണ്ണൂർ / തിരുവനന്തപുരം∙ എലിപ്പനിക്കെതിരെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണ് അതീവ ജാഗ്രത പുലർത്തേണ്ടതെന്നു മന്ത്രി കെ.കെ.ശൈലജ. അത്യാവശ്യം വേണ്ട മരുന്നുകളെല്ലാം ആരോഗ്യവകുപ്പു ശേഖരിച്ചിട്ടുണ്ട്. മരുന്നുക്ഷാമമുണ്ടെങ്കിൽ ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യണം. വരുംദിവസങ്ങളിൽ കൂടുതൽ മേഖലകളിൽ താൽക്കാലിക ആശുപത്രികൾ ആരംഭിക്കും. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, കോളറ എന്നീ രോഗങ്ങൾ പടരാനുള്ള സാധ്യതയുമുണ്ട്. ശുചീകരണത്തിന് ഇറങ്ങുന്നവർ മുൻകരുതലെടുക്കണം.  

ആരോഗ്യവകുപ്പിന്റെ ചികിൽസാ പ്രോട്ടോകോളിലെ പ്രധാന നിർദേശങ്ങൾ: 

∙ പ്രളയമേഖലകളിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ എത്രയുംവേഗം പ്രതിരോധ മരുന്നു കഴിക്കണം. 

∙ പ്രതിരോധ മരുന്നുകൾ കഴിച്ചവരും ശുചീകരണവേളയിൽ കയ്യുറയും കാലുറയും ധരിക്കണം. 

∙ പ്രളയമേഖലകളിലുള്ളവരും പ്രവർത്തിച്ചവരും പനി, ശരീരവേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ വേഗം ചികിൽസ തേടുക. 

∙ ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യുക.

∙ വെള്ളത്തിൽ മുങ്ങിക്കിടന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുത്. 

∙ എലികളെ കൊല്ലാൻ എലിവിഷത്തിനു പകരം എലിക്കെണി ഉപയോഗിക്കുക. 

മുറിവുണ്ടെങ്കിൽ ശ്രദ്ധിക്കുക

ലെപ്റ്റോസ്പൈറ എന്ന രോഗാണുവാണ് എലിപ്പനിക്കു കാരണം. രോഗം ഉള്ളതോ രോഗാണു വാഹകരോ ആയ എലികളുടെ മൂത്രം കലർന്ന വെള്ളത്തിലൂടെയും ചെളിയിലൂടെയുമാണു രോഗം പടരുന്നത്. ശരീരത്തിൽ മുറിവുണ്ടെങ്കിൽ നനയാതെ സൂക്ഷിക്കണം.

വില്ലൻ മലിനജലം; ശുചിത്വം പ്രധാനം 

കോഴിക്കോട് മെഡിക്കൽകോളജ് പ്രിൻസിപ്പൽ പ്രഫ. വി.ആർ. രാജേന്ദ്രൻ നൽകുന്ന നിർദേശങ്ങൾ

∙ മലിനജലത്തിലിറങ്ങിയാൽ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കുക. ആഴ്ചയിലൊരിക്കൽ എന്ന തോതിൽ മൂന്നു മുതൽ ആറ് ആഴ്ച വരെ കഴിക്കണം.

∙ അടുക്കള മാലിന്യം മൂടിയുള്ള പാത്രത്തിൽ ശേഖരിച്ചു ദിവസവും സംസ്കരിക്കുക.

∙ ഭക്ഷണപദാർഥങ്ങൾ അടച്ചുസൂക്ഷിക്കുക.

∙ വളർത്തുമൃഗങ്ങളെ തൊട്ടാൽ കൈകാലുകൾ സോപ്പിട്ടു വൃത്തിയായി കഴുകുക.

ചെയ്യരുതാത്തത്

∙ സ്വയം ചികിൽസയും നാടൻ മരുന്നു പരീക്ഷണവും ഒഴിവാക്കുക.

∙ മലിനജലത്തിൽ കഴിവതും ഇറങ്ങാതിരിക്കുക.

∙ വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങളിലും തോടുകളിലും ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കുക.

∙ വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കരുത്.