Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുചീകരണ സേവനത്തിന് രണ്ടു രക്തസാക്ഷികൾ; എലിപ്പനി മൂലം ഇന്നലെ മാത്രം 10 മരണം

Fever-death കുമാരി, സുരേഷ്

പ്രളയമേഖലകളിൽ ശുചീകരണത്തിനു പോയവരുടെയും ജീവനെടുത്ത് എലിപ്പനി. പെരുമ്പാവൂർ അയ്മുറിയിൽ കുടുംബശ്രീ പ്രവർത്തക കുമാരി (48), ചാലക്കുടി വെള്ളിക്കുളങ്ങരയിൽ സുരേഷ് (36) എന്നിവരാണു മരിച്ചത്. പകർച്ചവ്യാധി ഏറ്റവും പിടിമുറുക്കിയ കോഴിക്കോട് ജില്ലയിൽ നാലു പേർ കൂടി മരിച്ചു. എറണാകുളം ജില്ലയിൽ രണ്ടു മരണം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓരോരുത്തർ മരിച്ചതോടെ, സംസ്ഥാനത്ത് ഇന്നലെ മാത്രം 10 മരണം. മൂന്നു ദിവസത്തിനിടെ മരിച്ചവർ 31. വിവിധ ആശുപത്രികളിൽ ഇന്നലെ പ്രവേശിപ്പിച്ച 68 പേരിൽ 33 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 

നിപ്പ രോഗിയെ പരിചരിക്കുന്നതിനിടെ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയെ ഓർമിപ്പിക്കുന്നതാണു കുമാരിയുടെയും സുരേഷിന്റെയും മരണങ്ങൾ. 

കുമാരി പെരുമ്പാവൂർ കൂവപ്പടിയിലും നെടുമ്പാശേരിയിലുമുള്ള ഒട്ടേറെ വീടുകളിൽ ശുചീകരണത്തിനു പോയിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ പനി ബാധിച്ച് 29നു മരിച്ച സിപിഎം കുട്ടനാട് നടുഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വി.ഷിബുവിനും എലിപ്പനി ലക്ഷണങ്ങളുണ്ടായിരുന്നു. 

കോഴിക്കോട് ജില്ലയിൽ എലിപ്പനി മരണം പതിനെട്ടായി. മുക്കം സ്വദേശി സലീം ഷാ (42), വേങ്ങേരി സ്വദേശി സുമേഷ് (45), വടകര സ്വദേശി ഉജേഷ് (38), കല്ലായി സ്വദേശി രവി എന്നിവരാണ് ഇന്നലെ മരിച്ചത്. 13 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 25 പേർക്കു ലക്ഷണങ്ങളുണ്ട്.  

തിരുവനന്തപുരത്ത് എലിപ്പനി ലക്ഷണങ്ങളോടെ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന പൂജപ്പുര സ്വദേശി അയ്യപ്പൻ ചെട്ടിയാർ (67) മരിച്ചു. പ്രളയകാലത്തു കൊച്ചുമകളെ കാണാൻ എറണാകുളത്തു പോയപ്പോഴാണു പനി പിടിച്ചത്. 

എറണാകുളത്തു പറവൂർ സ്വദേശി ആംബ്രോസ് ആണു മരിച്ച രണ്ടാമത്തെയാൾ. 12 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 

 തൃശൂർ  മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ 54 പേർ ചികിൽസയിലുണ്ട്. ഇന്നലെ മാത്രം 32 പേരെ പ്രവേശിപ്പിച്ചു. ഇതുവരെ 14 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.

പാലക്കാട് മുണ്ടൂർ സ്വദേശിനി നിർമല (50), മലപ്പുറം ചമ്രവട്ടം സ്വദേശിനി ശ്രീദേവി (44) എന്നിവരാണു മരിച്ച മറ്റുള്ളവർ. പാലക്കാട് പാലപ്പുറം സ്വദേശി ബാലകൃഷ്ണന്റെ (70) മരണവും എലിപ്പനി മൂലമാണെന്നു സംശയിക്കുന്നു. മലപ്പുറത്ത് ഒരു മാസത്തിനിടെ മരിച്ചരുടെ എണ്ണം ഏഴായി. 14 പേർക്കു രോഗം സ്ഥിരീകരിച്ചു; 44 പേർക്കു കൂടി സംശയിക്കുന്നു. ആലപ്പുഴയിൽ മൂന്നു പേർക്കും കോട്ടയത്തു രണ്ടുപേർക്കും കാസർകോട്ട് ഒരാൾക്കും കൂടി രോഗം സ്ഥിരീകരിച്ചു. 

പനിയെന്നു കരുതിപാരസെറ്റമോൾ കഴിക്കരുത്

തിരുവനന്തപുരം ∙ എലിപ്പനിക്കെതിരെ എല്ലാ ജില്ലകളിലും അതീവജാഗ്രത. എല്ലാ ജില്ലകളിൽ നിന്നുള്ളവരും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ  പങ്കെടുത്തതുകൊണ്ടാണിത്. 

ശക്തമായ പനി, തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ്, മഞ്ഞപ്പിത്തം എന്നിവ ഉള്ളവർ ഉടൻ ചികിൽസ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഡോക്ടർമാരുടെ നിർദേശമില്ലാതെ മരുന്ന് കഴിക്കരുത്. പാരസെറ്റമോൾ ഉൾപ്പെടെയുള്ള വേദനസംഹാരികൾ കഴിച്ചാൽ രോഗം ശക്തമാകുകയും രോഗലക്ഷണങ്ങൾ അറിയാതെ പോകുകയും ചെയ്യും.  രോഗം ബാധിക്കുന്നതു ജലസമ്പർക്കത്തിലൂടെയായതിനാൽ പ്രളയമേഖലകളിൽ മടങ്ങിയെത്തിയവരും സന്നദ്ധപ്രവർത്തനം നടത്തിയവരും പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. രോഗം സംശയിക്കുന്നവരും ഗുളിക കഴിക്കണം. 

ഡോക്ടർമാരും ആരോഗ്യവകുപ്പ് ജീവനക്കാരും കനത്ത ജാഗ്രത പാലിക്കണം. സർക്കാർ നിർദേശങ്ങൾ സ്വകാര്യ ആശുപത്രികളും പാലിക്കണം. രോഗലക്ഷണവുമായി എത്തുന്നവരുടെ വിവരങ്ങൾ ആശുപത്രികൾ അപ്പപ്പോൾ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ അറിയിക്കണമെന്നും നിർദേശമുണ്ട്.