Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടനാട്ടിൽ പാടശേഖരങ്ങൾ ജലസംഭരണികളാക്കണമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി

Kuttanad-Paddy-Field

കോട്ടയം∙ സർക്കാരിനു കോടികൾ നഷ്ടമുണ്ടാക്കുന്ന നെൽകൃഷി നിർത്തി അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങൾ ജലസംഭരണികളാക്കണമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ. മലയോര മേഖലയിലേതു പോലെ കുട്ടനാട്ടിലും കെട്ടിടനിർമാണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ഉത്തരവ് ഉടനിറങ്ങുമെന്നും പ്രകൃതിയോടു ചേർന്ന നിർമാണങ്ങൾ മാത്രമേ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഇക്കുറി കുട്ടനാട്ടിൽ 22000 ഹെക്ടറിൽ കൃഷി ചെയ്തു. പകരം 10000 ഹെക്ടറിൽ മാത്രം കൃഷി ചെയ്തിരുന്നെങ്കിൽ പ്രളയജലം ഒഴുകിപ്പോകുമായിരുന്നു. തണ്ണീർമുക്കത്ത് ബണ്ട് പണിത നെതർലാൻഡ് എൻജിനീയർ അവരുടെ നാട്ടിലെ ബണ്ടുകൾ പൊളിച്ചുകളഞ്ഞു.

തണ്ണീർമുക്കം ബണ്ട് അടക്കമുള്ള ബണ്ടുകൾ നീക്കം ചെയ്യണം. കുട്ടനാട്ടിൽ നെൽകൃഷി പരിസ്ഥിതിവിരുദ്ധമാണ്. സബ്സിഡികൾ ഒഴിവാക്കിയാൽ കൃഷി നഷ്ടവുമാണ്. നാടൻ അരിക്കു പകരം ആന്ധ്രാ അരി കഴിച്ചതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.

കുട്ടനാട്ടിൽ കൃഷി നടത്തുന്നവരിൽ 90 ശതമാനവും ഭൂമിയുടെ യഥാർഥ ഉടമകളല്ല. സബ്സിഡി ലക്ഷ്യമിട്ട് പാട്ടക്കർഷകരാണ്. ഒരു നെല്ലും ഒരു മീനും അടക്കമുള്ള പദ്ധതികളും പരാജയമായിരുന്നുവെന്നും പി.എച്ച്.കുര്യൻ പറഞ്ഞു.

ആർച്ച്ബിഷപ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ ‘പ്രളയ ബാധിതരുടെ പുനരധിവാസവും കുട്ടനാടിന്റെ പുനർ നിർമാണവും’ എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദർശങ്ങളുടെ പിന്നാലെ പോകേണ്ട കാലമല്ല. യാഥാർഥ്യവും ശാസ്ത്രീയതയും ഒന്നിച്ചു കൊണ്ടുപോകണമെന്ന് ഇപ്പോഴത്തെ ദുരന്തം പഠിപ്പിക്കുന്നു.

45 വയസ്സിൽ താഴെയുള്ളവരെ ഭരണ നേതൃത്വം ഏൽപ്പിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും പി.എച്ച്. കുര്യൻ പറഞ്ഞു.

related stories