Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാളെ നട തുറക്കും; ഭക്തർ വീണ്ടും ശബരിമലയിലേക്ക്

pampa-triveni-road മഹാപ്രളയത്തിനു ശേഷം നാളെ വീണ്ടും ശബരിമല നട തുറക്കുന്നു. വെള്ളത്തിൽ മുങ്ങിയ പമ്പാ ത്രിവേണി പുനരുദ്ധരിച്ച് ശുചിമുറി കോംപ്ലക്സിനു പിന്നിലൂടെ പുനർ നിർമിച്ച വഴി. പമ്പാനദി കടന്ന് അയ്യപ്പഭക്തർക്ക് ഈ വഴിയിലൂടെ ഗണപതിക്കോവിലിലും അവിടെ നിന്ന് സന്നിധാനത്തേക്കും എത്താം. ചിത്രം: നിഖിൽരാജ് ∙ മനോരമ

ശബരിമല ∙ മഹാപ്രളയ ദുരന്തത്തിനു ശേഷം തീർഥാടകർക്ക് ദർശന സൗകര്യവുമായി അയ്യപ്പ ക്ഷേത്രനട നാളെ വീണ്ടും തുറക്കും. നാളെ വൈകിട്ട് 5ന് ആണ് നട തുറക്കുക. തുടർന്നു തന്ത്രി കണ്ഠര് രാജീവര് താന്ത്രിക ചുമതല ഏറ്റെടുക്കും. ചിങ്ങം ഒന്നിനു നടക്കേണ്ടിയിരുന്ന ചുമതല കൈമാറ്റം പ്രളയം മൂലം മാറ്റുകയായിരുന്നു. 21 വരെ പൂജകൾ ഉണ്ടാകും. 

കനത്ത മഴയെത്തുടർന്ന് ശബരിഗിരി പദ്ധതിയിലെ അണക്കെട്ടുകൾ തുറന്നുവിട്ടതോടെ കഴിഞ്ഞ മാസപൂജാസമയത്ത് പമ്പ ത്രിവേണി പൂർണമായും മുങ്ങിയിരുന്നു. പമ്പാനദിയുടെ മറുകര കടക്കാൻ പറ്റാത്തതിനാൽ നിറപുത്തരി, ചിങ്ങമാസ പൂജകൾക്ക് അയ്യപ്പന്മാർക്ക് സന്നിധാനത്ത് എത്താൻ കഴിഞ്ഞില്ല. അണക്കെട്ടിന്റെ ഷട്ടറുകൾ പിന്നീട് അടയ്ക്കുകയും വെയിൽ കനക്കുകയും ചെയ്തതോടെ പമ്പാനദിയിലെ ജലനിരപ്പ് വളരെ കുറഞ്ഞു.

പ്രളയത്തിൽ മണ്ണിനടിയിൽ മൂടിപ്പോയ ത്രിവേണിയിലെ പാലങ്ങൾ കണ്ടെത്തുകയും തകർന്ന വഴികൾ പുനരുദ്ധരിക്കുകയും ചെയ്തതിനാൽ ഇക്കുറി അയ്യപ്പന്മാർക്ക് നദി കടന്നു സന്നിധാനത്തെത്താം. ത്രിവേണി വലിയപാലത്തിലൂടെ പമ്പ മണൽപുറത്തെത്തി ശുചിമുറികളുടെ പിന്നിലെ വഴിയിലൂടെ ഗണപതികോവിലിൽ എത്തിയാണ് സന്നിധാനത്തേക്ക് പോകേണ്ടത്. പമ്പയിൽ കടകൾ ഒന്നും ഇല്ലാത്തതിനാൽ തീർഥാടകർക്ക് ഭക്ഷണവും വെള്ളവും ലഭിക്കാൻ ബുദ്ധിമുട്ടാകും.

വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രം 

ശബരിമല തീർഥാടകരുടെ വാഹനങ്ങൾക്ക് പമ്പ – നിലയ്ക്കൽ റൂട്ടിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇരുചക്രം ഉൾപ്പെടെ എല്ലാ വാഹനങ്ങളും നിലയ്ക്കൽ വരെ മാത്രമേ അനുവദിക്കൂ. നിലയ്ക്കൽ നിന്ന് പമ്പയിൽ എത്താൻ കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തും.