Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചക്കള്ളം പ്രചരിപ്പിക്കുന്നു: കന്യാസ്ത്രീകൾ

nun-protest-sister ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണയർപ്പിച്ച് സിസ്റ്റർ എമിൽഡ മേരി പ്രസംഗിക്കുന്നു. ചിത്രം: മനോരമ.

കൊച്ചി ∙ മിഷനറീസ് ഓഫ് ജീസസ് തങ്ങൾക്കെതിരെ പച്ചക്കള്ളമാണു പ്രചരിപ്പിക്കുന്നതെന്ന് സമരം തുടരുന്ന കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. ബിഷപ് ഫ്രാങ്കോയുടെ പിണിയാളുകളായാണ് അവർ പ്രവർത്തിക്കുന്നത്. വിശ്വാസികൾ തന്നെയാണു സമരസമിതിയിലുള്ളതെന്നും സമരത്തിനു പിന്തുണയുമായി പലരും വന്നു പ്രസംഗിക്കുന്നുണ്ടാകാമെന്നും അവർ പറഞ്ഞു.

നീതിക്കായി സഭയ്ക്കകത്തു നിന്നുകൊണ്ടു തന്നെയുള്ള ജീവന്മരണ പോരാട്ടമാണിത്. മരണം വരെ ഈ സന്യാസ ജീവിതത്തിൽ തുടരാനാണു തീരുമാനം. കോടതിയിൽ വിശ്വാസമുണ്ട്. എന്നാൽ സർക്കാരിലും പൊലീസിലുമുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. അന്വേഷണസംഘം ആദ്യം റിപ്പോർട്ട് നൽകിയപ്പോൾ ബിഷപ് ഫ്രാങ്കോയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണു തങ്ങളോട് അവർ പറഞ്ഞിരുന്നത്. ഫ്രാങ്കോ കുറ്റവാളിയാണെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുള്ളതാണ്.

എന്നിട്ടും സംഘം അവരുടെ മേലധികാരികൾക്കു വഴങ്ങി ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ തയാറാകുന്നില്ല. അന്വേഷണ സംഘത്തിനു മേൽ ബാഹ്യസമ്മർദമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഫ്രാങ്കോയുടെ അറസ്റ്റുണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും കന്യാസ്ത്രീകൾ പറഞ്ഞു. ബിഷപ്പിനെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സേവ് ഔവർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജംക്‌ഷനിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം ഒരാഴ്ച പിന്നിട്ടു.

പരാതിക്കാരിയായ കന്യാസ്ത്രീ പ്രവർത്തിക്കുന്ന കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് കോൺവന്റിലെ കന്യാസ്ത്രീകളായ അനുപമ, ആൽഫി, ജോസഫൈൻ, അൻസിറ്റ എന്നിവർ പങ്കെടുക്കുന്ന സമരത്തിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഭാരവാഹി സ്റ്റീഫൻ മാത്യു ആണ് അനിശ്ചിതകാല ഉപവാസം തുടരുന്നത്.

സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്നലെ വൈകിട്ട് ഒരു മണിക്കൂർ നിൽപുസമരവും നടത്തി. സി.ആർ. നീലകണ്ഠൻ, കുസുമം ജോസഫ്, ഫാ. ബെന്നി മാരിപറമ്പിൽ, അഗസ്റ്റിൻ വട്ടോളി തുടങ്ങിയവർ നേതൃത്വം നൽകി. ഇന്നലെ യുവജനങ്ങൾ നേതൃത്വം നൽകിയ സമരത്തിന് ഇന്ന് സന്യസ്തരും പുരോഹിതരും നേതൃത്വം നൽകും. ആർഎസ്പി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.ജി. പ്രസന്നകുമാർ, കെ. രജികുമാർ, ആർഎസ്പി (ഇടതുപക്ഷം) സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ, അസി. സെക്രട്ടറി കെ.കെ. ജയരാജ്, വിമൻസ് ഇന്ത്യ മൂവ്മെന്റ് പ്രതിനിധി ശശികുമാരി വർക്കല എന്നിവർ സമരത്തിനു പിന്തുണ അറിയിച്ചു.

related stories