Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരമിച്ച ജയിൽ ഡിഐജിയെ പുനർ നിയമിക്കാൻ നീക്കം

തിരുവനന്തപുരം∙  വിരമിച്ച ജയിൽ ഡിഐജിയെ ഉയർന്ന ശമ്പളത്തിൽ പുനർ നിയമിക്കാൻ നീക്കം. ‌ജൂലൈയിൽ വിരമിച്ച ജയിൽ ആസ്ഥാന ഡിഐജി പ്രദീപിനെ 50,000 രൂപ ശമ്പളത്തിൽ  ജയിൽ പരിശീലന കേന്ദ്രമായ  സിക്കയുടെ സ്പെഷൽ ഓഫിസറായി ഒരു വർഷത്തേക്കു കരാർ അടിസ്ഥാനത്തിൽ നിയമിക്കണമെന്നു ജയിൽ മേധാവി ആർ.ശ്രീലേഖ സർക്കാരിനോടു ശുപാർശ ചെയ്തു.  സിക്കയുടെ അധിക ചുമതലയും ഇദ്ദേഹം വഹിച്ചിരുന്നു. 

ശുപാർശ  ധനവകുപ്പിന്റെ പരിഗണനയിലാണ്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ധനവകുപ്പ് ഇത് അംഗീകരിക്കുമോയെന്നു വ്യക്തമല്ല. നിലവിൽ ഉത്തരമേഖലാ ഡിഐജി തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സ്ഥാനക്കയറ്റം വൈകുന്നതിനാലാണിത്. ഈ തസ്തിക ഒഴിഞ്ഞു കിടക്കുമ്പോൾ സർക്കാരിന് അധിക ബാധ്യതയുണ്ടാക്കിയുള്ള നിയമനത്തെ ജയിൽ ജീവനക്കാരുടെ സംഘടനകളും എതിർ‍ക്കുകയാണ്. 

നേരത്തെ പ്രദീപ് വിരമിക്കുന്നതിന് ഒരു മാസം ബാക്കിയുള്ളപ്പോൾ നിലവിലെ ജയിൽ ഐജി: എച്ച്.ഗോപകുമാർ അവധിയിൽ പ്രവേശിച്ചിരുന്നു. ആ ഒഴിവിൽ പ്രദീപിനെ ഐജിയായി സ്ഥാനക്കയറ്റം നൽകി നിയമിക്കണമെന്നു ജയിൽ മേധാവി സർക്കാരിനു കത്തെഴുതി. എന്നാൽ പ്രദീപിനു ചട്ടവിരുദ്ധ സ്ഥാനക്കയറ്റം നൽകാൻ കഴിയില്ലന്നു മാത്രമല്ല ഗോപകുമാറിനെ ഐജിയാക്കിയതും ഇല്ലാത്ത തസ്തികയിലാണെന്നു ധനവകുപ്പ് കണ്ടെത്തി. 

ഗോപകുമാറിനെ അടിയന്തരമായി ഡിഐജി തസ്തികയിലേക്കു തരം താഴ്ത്തണമെന്നു ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി സർക്കാരിനു കത്തു നൽകി. ഇതിൽ നടപടിയെടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഫയൽ പൂഴ്ത്തി. അതിനിടെയാണു പിൻവാതിൽ നിയമന നീക്കം.