Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ് ഫ്രാങ്കോയുടെ മുൻകൂർ ജാമ്യ ഹർജി 25ലേക്ക് മാറ്റി

Bishop Franko Mulakkal ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ

കൊച്ചി ∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി, സർക്കാരിന്റെ വിശദീകരണം അറിയാൻ മാറ്റി. ഇന്നലെ രാവിലെ നൽകിയ ഹർജി ഉച്ചയ്ക്കുശേഷം പരിഗണനയ്ക്ക് എടുത്ത ജസ്റ്റിസ് രാജ വിജയരാഘവൻ ഈ മാസം 25ലേക്കാണു മാറ്റിയത്.

കേസിൽ വ്യാജമായി കുടുക്കിയതാണെന്നും കന്യാസ്ത്രീ പൊലീസിനു നൽകിയ ആദ്യ മൊഴിയിൽ ബലം പ്രയോഗിച്ചു പീഡിപ്പിച്ചതായി ആരോപണമില്ലെന്നും ബിഷപ് ഫ്രാങ്കോയുടെ ഹർജിയിൽ പറയുന്നു. മെഡിക്കൽ പരിശോധനാഫലം വന്ന ശേഷം മജിസ്ട്രേട്ടിനു നൽകിയ രഹസ്യമൊഴിയിലാണു പീഡന ആരോപണം. 2014 മുതൽ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവങ്ങളിൽ നാലുവർഷം കഴിഞ്ഞാണു പരാതി. കന്യാസ്ത്രീക്കെതിരെ നടപടിയെടുത്തതിന്റെ പകപോക്കാനാണിത്.

ഒരു സ്ത്രീ  2016ൽ നൽകിയ പരാതിയിലെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കന്യാസ്ത്രീയെ സന്യസ്തസഭയുടെ കേരള ചുമതലയിൽനിന്നു നീക്കി. പിന്നീടു കോൺവന്റിലുണ്ടായ പ്രശ്നങ്ങളുടെ പേരിൽ പരിയാരത്തേക്കു മാറ്റിയെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞു പോയില്ല. നടപടികൾക്കു പിന്നിൽ താനാണെന്നു കരുതി പകപോക്കുകയാണ്. കന്യാസ്ത്രീയും ബന്ധുക്കളും ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ ബിഷപ്സ് ഹൗസ് പിആർഒയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. കേരളത്തിലെത്തുമ്പോൾ അറസ്റ്റ് ചെയ്തു തടങ്കലിൽ വയ്ക്കുമെന്ന ആശങ്കയിലാണു കോടതിയെ സമീപിച്ചതെന്നും കേസന്വേഷണവുമായി ഇനിയും സഹകരിക്കുമെന്നും ഹർജിയിൽ പറയുന്നു.

അറസ്റ്റിന് തടസ്സമില്ല: എസ്പി

ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 25ലേക്കു മാറ്റിയത് അറസ്റ്റിനു തടസ്സമല്ലെന്നു ജില്ലാ പൊലീസ് മേധാവി ഹരി ശങ്കർ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് തീരുമാനം എടുക്കും. ഇതേസമയം ജാമ്യാപേക്ഷ കോടതി തീർപ്പാക്കുന്നതു വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

related stories