Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയനാശനഷ്ടം: ലോകബാങ്ക്– എഡിബി റിപ്പോർട്ട് നാളെ

തിരുവനന്തപുരം∙ കേരളത്തിന്റെ പ്രളയനാശനഷ്ടങ്ങൾ പഠിച്ച ലോകബാങ്ക്–ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (എഡിബി) സംഘം നാളെ റിപ്പോർട്ട് സമർപ്പിക്കും. അന്തിമകണക്ക് തയാറായിട്ടില്ലെങ്കിലും ഏകദേശം 20,000 കോടി രൂപ വരുമെന്നാണു സൂചന. രാജ്യാന്തര മാനദണ്ഡങ്ങൾ കൂടി ബാധകമാക്കുമ്പോൾ കണക്കിൽ മാറ്റം വന്നേക്കും.

ലോകബാങ്കും എഡിബിയും കേരളത്തിന്റെ പുനർനിർമാണത്തിനുള്ള വായ്പ നിശ്ചയിക്കുന്നത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ലോകബാങ്ക്, എഡിബി ഉദ്യോഗസ്ഥരായ 28 പേരാണ് കഴിഞ്ഞ 10 മുതൽ പ്രളയബാധിത മേഖലകളിൽ പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കുന്നത്. മൂന്നു സംഘങ്ങളായി 10 ജില്ലകളിലെ 99 വില്ലേജുകളിലായിരുന്നു പരിശോധന. പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ മേഖലകളിലായിരുന്നു സന്ദർശനം.

റോഡ്, കെട്ടിടങ്ങൾ, കൃഷി, ഉപജീവനമാർഗങ്ങൾ, വിനോദസഞ്ചാരം ഉൾപ്പെടെ പ്രധാന മേഖലകളിലെ നഷ്ടങ്ങൾക്കാണ് ഊന്നൽ നൽകിയത്. കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലകളിലെ നാശനഷ്ടങ്ങളുടെ വിവരങ്ങൾ സംഘത്തെ ധരിപ്പിച്ചിരുന്നു.

വിവിധ സർക്കാർ വകുപ്പുകൾ തയാറാക്കിയ സംസ്ഥാനതലത്തിലുള്ള നാശനഷ്ടക്കണക്കുകളും വിലയിരുത്തിയ ശേഷമാണു സംഘം അന്തിമറിപ്പോർട്ട് തയാറാക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ദുരന്തത്തിനു ശേഷമുള്ള പുനർനിർമാണ ഘടകങ്ങൾ വിലയിരുത്താനുള്ള പഠനത്തിനും ഈ റിപ്പോർട്ട് അടിസ്ഥാനഘടകമാകും.

നേരത്തേ, കേന്ദ്ര സർക്കാരിന്റെ ദുരിതാശ്വാസസഹായത്തിനുള്ള നിബന്ധനകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ 4,796 കോടി രൂപയാണു നഷ്ടം കണക്കാക്കിയിരുന്നത്. സംസ്ഥാന സർക്കാരിന്റെ പ്രാഥമിക വിലയിരുത്തലനുസരിച്ച് 40,000 കോടി രൂപയാണ് ആകെ നഷ്ടം. ലോകബാങ്ക്–എഡിബി സംഘത്തിന്റെ റിപ്പോർട്ട് വന്നാലും കേന്ദ്രസർക്കാരിന്റെ സാമ്പത്തികകാര്യവകുപ്പിന്റെ അംഗീകാരത്തോടെ മാത്രമേ വായ്പ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാകൂ.

related stories