Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭ്യൂഹങ്ങളുടെ പകൽ; ഒടുവിൽ ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് രാത്രി 8.00ന്

Bishop franco പൊലീസ് അറസ്റ്റ് ചെയ്ത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വൈദ്യപരിശോധനയ്ക്കായി തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ.

കൊച്ചി ∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ 3 ദിവസം നീണ്ട ചോദ്യംചെയ്യലിനുശേഷം ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. ഉച്ചമുതൽ അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും രാത്രി എട്ടിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കുശേഷം കോട്ടയത്തേക്കു കൊണ്ടുപോകുംവഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന്  ബിഷപ്പിനെ രാത്രി 10.40നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആറു മണിക്കൂർ നിരീക്ഷിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നു ഡോക്ടർമാർ അറിയിച്ചു.

കേസ് വസ്തുതാപരമായി ശരിയെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അറസ്റ്റ് എന്നു കോട്ടയം എസ്പി ഹരിശങ്കർ അറിയിച്ചു. ഇന്നു രാവിലെ പാലാ കോടതിയിൽ ഹാജരാക്കി 3 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടാനാണു തീരുമാനം. ആവർത്തിച്ചുള്ള പീഡനം, പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തൽ, അന്യായ തടങ്കൽ എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ തെളിവെടുപ്പിനും കൊണ്ടുപോകും. 

Bishop-Franco-Mulakkal-2

എസ്പി ഹരിശങ്കർ, വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിലെ ചോദ്യംചെയ്യൽ 3 ദിവസങ്ങളിലായി 23 മണിക്കൂർ നീണ്ടു. ഇന്നലെ രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി ഏഴരയോടെ പൂർത്തിയായെന്നു പൊലീസ് പറയുന്നു. വ്യാഴാഴ്ച നൽകിയ മൊഴികൾ സത്യമാണോയെന്ന് ഇന്നലെ 3 പൊലീസ് സംഘങ്ങൾ പരിശോധനയും നടത്തി.

ബിഷപ്പിനെ അറസ്റ്റ് ചെയ്തതായി ഉച്ചമുതൽ പലതവണ പ്രചാരണമുണ്ടായെങ്കിലും അപ്പോഴെല്ലാം അതു ശരിയല്ലെന്നു വ്യക്തമാകുകയും ചെയ്തു. എല്ലാ ഒരുക്കങ്ങളും നേരത്തേ പൂർത്തിയാക്കിയിരുന്നെങ്കിലും എസ്പി രാത്രി ഏഴരയോടെ െഎജി വിജയ് സാഖറെയെ കണ്ടശേഷമാണു രാത്രിതന്നെ അറസ്റ്റുണ്ടാകുമെന്ന് ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്.

തൃപ്പൂണിത്തുറ വനിതാ സെൽ കെട്ടിടത്തിൽനിന്നു രാത്രി 9.10നാണു ബിഷപ്പിനെ പുറത്തേക്കു കൊണ്ടുപോയത്. വൈദിക വേഷത്തിനു പകരം വെള്ള ജുബ്ബയും കറുത്ത പാന്റ്സുമായിരുന്നു വേഷം. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ഏറ്റുമാനൂർ പിന്നിട്ടു തെള്ളകത്ത് എത്തിയപ്പോഴാണ് ബിഷപ് നെഞ്ചു വേദന അനുഭവപ്പെടുന്നതായി പറഞ്ഞത്. 

നേരത്തേ, അറസ്റ്റ് സംബന്ധിച്ച ഉൗഹാപോഹങ്ങൾ ഹൈക്കോടതി ജംക്‌ഷനിൽ കന്യാസ്ത്രീകൾ അടക്കമുള്ളവർ പങ്കെടുത്ത സമരത്തിലും ആശയക്കുഴപ്പമുണ്ടാക്കി. 

nuns ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തുവെന്ന സൂചന വന്നപ്പോൾ ഹൈക്കോടതിക്കു സമീപത്തെ ഉപവാസ സമരപ്പന്തലിലെ കന്യാസ്ത്രീകൾ ആഹ്ലാദം പ്രകടിപ്പിക്കുന്നു. ചിത്രം: മനോരമ

അറസ്റ്റ് വാർത്ത വരുമ്പോൾ ആഹ്ലാദം പ്രകടിപ്പിക്കുകയും സഹകരിച്ചവർക്കു നന്ദി പറയുകയും ചെയ്ത സമരക്കാർ, പിന്നീട് ഒൗദ്യോഗിക പ്രഖ്യാപനം വരുംവരെ സമരം തുടരുമെന്ന നിലപാടെടുത്തു. ഒടുവിൽ രാത്രി 9.45ന് നിരാഹാരസമരം നിർത്തി. ഇന്നു കന്യാസ്ത്രീകളെത്തിയ ശേഷം സമരം ഔദ്യോഗികമായി അവസാനിപ്പിക്കും.

അറസ്റ്റിലേക്ക് നയിച്ച തെളിവുകൾ

∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കന്യാസ്ത്രീയുടെ വൈദ്യപരിശോധനാഫലം. 

∙ ചങ്ങനാശേരി കോടതിയിൽ അവർ നൽകിയ രഹസ്യമൊഴി. 13 വട്ടം പീഡനം നടന്നതു സംബന്ധിച്ചു തീയതിയും സ്ഥലവും ഉൾപ്പെടെ നൽകിയ വിവരങ്ങൾ. 

∙ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളിൽ ബിഷപ് ഒപ്പമുണ്ടായിരുന്നുവെന്ന കണ്ടെത്തൽ; ഇതു സംബന്ധിച്ച രേഖകൾ. ബിഷപ് കന്യാസ്ത്രീക്ക് അയച്ച മൊബൈൽ സന്ദേശങ്ങളുടെ പകർപ്പ്. 

∙ കന്യാസ്ത്രീ പരാതി പറഞ്ഞതായി മറ്റു കന്യാസ്ത്രീകളും വൈദികരും കൊടുത്ത മൊഴി. 

∙ ജലന്തർ രൂപതയുടെ അച്ചടക്കനടപടിക്കും മാസങ്ങൾക്കു മുൻപ് അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ കുമ്പസാര വേളയിൽ പീഡനത്തെക്കുറിച്ചു പറഞ്ഞിരുന്നതായി കന്യാസ്ത്രീയുടെ മൊഴി. 

∙ ആ ദിവസം അവർ എത്തിയിരുന്നതായി ധ്യാനകേന്ദ്രം അധികൃതരുടെ സ്ഥിരീകരണം. (അച്ചടക്കനടപടി എടുത്തതിനുള്ള പ്രതികാരമായാണു പരാതി നൽകിയതെന്നായിരുന്നു ബിഷപ്പിന്റെ വാദം.)

പ്രതികരിക്കാതെ കന്യാസ്ത്രീ

കുറവിലങ്ങാട് ∙ പൊലീസ് നടപടികൾ സംബന്ധിച്ചു പ്രതികരിക്കാനില്ലെന്നു പരാതി നൽകിയ കന്യാസ്ത്രീ. ഇന്നലെ മുഴുവൻ സമയവും അവർ മഠത്തിലെ സ്വന്തം മുറിയിൽത്തന്നെ കഴിഞ്ഞു.

എതിർത്തത് ബിഷപ്പിന്റെ ചെയ്തികളെ: സിസ്റ്റർ അനുപമ

കൊച്ചി ∙ പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നു കന്യാസ്ത്രീകൾ. ഫ്രാങ്കോ എന്ന വ്യക്തിയെയല്ല, അദ്ദേഹത്തിന്റെ ചെയ്തികളെയാണ് എതിർത്തതെന്നു സിസ്റ്റർ അനുപമ അറിയിച്ചു. സഭ ഇനിയെങ്കിലും മൗനം വെടിഞ്ഞില്ലെങ്കിൽ പല കന്യാസ്ത്രീകൾക്കും ഇതേ അനുഭവമുണ്ടാകും. പീഡനം നേരിടുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയായിരുന്നു സമരം. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചവരോടു ക്ഷമിക്കുന്നതായും സിസ്റ്റർ പറഞ്ഞു.

തെളിവുകൾ ശക്തം: എസ്പി

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എസ്പി ഹരിശങ്കർ പറഞ്ഞത്:

ബിഷപ്പിനെതിരെ ലഭിച്ച തെളിവുകൾ പീഡനക്കുറ്റം ഗൗരവത്തോടെ ആരോപിക്കാവുന്ന തരത്തിലുള്ളവയാണ്. കുറ്റം സമ്മതിച്ചിട്ടുണ്ടോയെന്നു പറയാൻ കഴിയില്ലെങ്കിലും ലഭിച്ച ഒട്ടേറെ തെളിവുകൾ കുറ്റം ബോധ്യപ്പെടുന്ന തരത്തിലുള്ളവയാണ്. തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ബിഷപ്പിന്റെ ആരോപണം തെറ്റാണെന്നു വ്യാഴാഴ്ച തന്നെ വ്യക്തമായിരുന്നു. കേസിൽ ബിഷപ്പിനെ സഹായിച്ചവരെയും തെളിവു നശിപ്പിക്കാൻ ശ്രമിച്ചവരെയും പിടികൂടും. 

ചോദ്യങ്ങൾ 350, ഉപചോദ്യങ്ങൾ 500

ബിഷപ്പിനോടു ചോദിച്ചത് 350 പ്രധാന ചോദ്യങ്ങളും 500 ഉപചോദ്യങ്ങളും. അതേസമയം, ബിഷപ്പ് ഇതുവരെ കുറ്റ സമ്മതം നടത്തിയിട്ടില്ലെന്നും സൂചനയുണ്ട്.

related stories