Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്തുണയ്ക്ക് നന്ദി ചൊല്ലി സമര സമാപനം; തുടർ സമരത്തെക്കുറിച്ച് ഇന്നു ചർച്ച

sister-badge ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനു വേണ്ടി സമരം നടത്തിയിരുന്ന സിസ്റ്റർമാരായ ജോസഫിൻ, അനുപമ, ആൽഫി, നീന റോസ്, ആൻസിറ്റ എന്നിവർ കൊച്ചിയിലെ സമരവേദിയിൽ തങ്ങൾക്കു ലഭിച്ച ബാഡ്ജ് അണിയുന്നു. ചിത്രം: മനോരമ

കൊച്ചി ∙ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് അവർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗൺസിൽ ഹൈക്കോടതി ജംക്‌ഷനിൽ 14 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. നിരാഹാരം ബിഷപ് അറസ്റ്റിലായ വെള്ളിയാഴ്ച രാത്രി അവസാനിപ്പിച്ചിരുന്നു. 

സമരപ്പന്തലിൽ ഇന്നലെ പരിധി വിട്ട ആഹ്ലാദ പ്രകടനങ്ങളോ മുദ്രാവാക്യങ്ങളോ രോഷപ്രകടനങ്ങളോ ഉണ്ടായില്ല. പിന്തുണയുമായി എത്തിയവർക്കും സർക്കാരിനും പൊലീസിനുമെല്ലാം നന്ദി പറയുകയായിരുന്നു ഇന്നലത്തെ അജൻഡ. കുറവിലങ്ങാട്ടു നിന്നുള്ള സന്യാസിനിമാർ ഇന്നലെയും സമരപ്പന്തലിലെത്തി. 

കന്യാസ്ത്രീക്കു നീതി കിട്ടുംവരെ സമരം ചെയ്യുമെന്നും തുടർ സമരം എങ്ങനെ വേണമെന്ന് ഇന്നു കൊച്ചിയിൽ ചേരുന്ന യോഗം തീരുമാനിക്കുമെന്നും സമരസമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു. സന്യാസിനിമാരായ അനുപമ, നീന റോസ് എന്നിവർ പ്രസംഗിച്ചു. സമരം പിരിച്ചുവിട്ടതായി ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞിട്ടും ആളുകൾ പിരിഞ്ഞുപോയില്ല. അവർക്കു മുന്നിൽ ‘കലാകക്ഷി’ തെരുവു നാടകം അവതരിപ്പിച്ചു. കലാ, സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ നിന്നുള്ള ഒട്ടേറെ പേർ നേരിട്ടും അല്ലാതെയും സമരത്തിനു പിന്തുണ അറിയിച്ചു. 

സമരത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമൊന്നുമില്ല, ആരോടും വൈരാഗ്യവുമില്ല. വൈകിയാണെങ്കിലും നീതിയുടെ പക്ഷത്തുള്ളവരോടു നന്ദിയുണ്ട്. - ഫാ. അഗസ്റ്റിൻ വട്ടോളി (സമരസമിതി കൺവീനർ)

സമരത്തിനിറങ്ങിയ ദിവസം മുതൽ പ്രലോഭനങ്ങളും സമ്മർദങ്ങളുമുണ്ടായിരുന്നു. പിന്തുണ നൽകിയവരായിരുന്നു കൂടുതലും. പഞ്ചാബിൽ നിന്ന് ഒട്ടേറെ പേർ വിളിച്ചു. വൈകിയാണെങ്കിലും പൊലീസിൽ നിന്നു നീതി ലഭിച്ചു. ദൈവമാണ് ഇവിടെവരെ എത്തിച്ചത്. എല്ലാവരോടും നന്ദി പറയാൻ, ഇരയായ കന്യാസ്ത്രീ ആവശ്യപ്പെട്ടിട്ടുണ്ട്. - സിസ്റ്റർ അനുപമ(സമരത്തിനു നേതൃത്വം നൽകിയ സന്യാസിനി)

സമരത്തെ സഭ പിന്തുണയ്ക്കാത്തതിൽ വിഷമമുണ്ട്. നടപടിയുണ്ടായാൽ അതിനെ നേരിടും. പണംകൊണ്ടോ സ്വാധീനം കൊണ്ടോ ദൈവത്തിന്റെ നീതി നിഷേധിക്കാനാവില്ല. സാധാരണക്കാരനു നീതി കിട്ടും എന്ന ധൈര്യം ലഭിച്ചു. - ഇരയായ കന്യാസ്ത്രീയുടെ സഹോദരി

related stories