Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരത്തെ പിന്തുണച്ച യൂഹാനോൻ റമ്പാന് മുന്നറിയിപ്പ്; സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് ആത്മീയപ്രവർത്തന വിലക്ക്

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച യാക്കോബായ സഭയുടെ പിറമാടം ദയറയിലെ യൂഹാനോൻ റമ്പാന് സഭയുടെ മുന്നറിയിപ്പും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീസമൂഹാംഗമായ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ സഭാ നടപടിയും.

ചർച്ച് ആക്ടുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങളിൽ നിരന്തരം പങ്കെടുക്കുന്നതും കത്തോലിക്കാ സന്യാസിനികൾ നടത്തിയ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു സമരവേദിയിലെത്തി പ്രസംഗിച്ചതും ദയറയിലെ ജീവിതത്തിനു ചേർന്ന നടപടിയല്ലെന്നു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറി മാത്യൂസ് മാർ തിമോത്തിയോസ് നൽകിയ കത്തിൽ പറയുന്നു. കഴിഞ്ഞ 17ന് ആണു കത്ത് അയച്ചിരിക്കുന്നത്.

പ്രാർഥനയും ഉപവാസവുമായി ഒതുങ്ങുന്ന ജീവിതമാണു ദയറയിലേത്. അതിനു വിരുദ്ധമായുള്ള പ്രവർത്തനം തുടർന്നാൽ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും കത്തിൽ പറയുന്നുണ്ട്. കത്തിനുള്ള വിശദീകരണം പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് അയച്ചുകൊടുക്കുമെന്നു റമ്പാൻ പറഞ്ഞു. എന്നാൽ, റമ്പാനെതിരെ നടപടിയെടുത്തിട്ടില്ലെന്നും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതു ദയറ ജീവിതത്തിന് അനുയോജ്യമല്ലെന്ന മുന്നറിയിപ്പു മാത്രമാണു നൽകിയിട്ടുള്ളതെന്നും യാക്കോബായ സഭാ വക്താവ് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് വിശദീകരിച്ചു.

കന്യാസ്ത്രീകളെ പിന്തുണച്ചു കൊച്ചിയിൽ നടന്ന സമരത്തിൽ സജീവമായിരുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ കാരക്കാമല സെന്റ് മേരീസ് ഇടവകയാണു നടപടിയെടുത്തത്. ഇവരെ ഇടവകയിലെ ആത്മീയപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിൽനിന്നു വിലക്കി. കാരക്കാമല പള്ളിയിൽ കുർബാന നൽകൽ, മതാധ്യാപനം എന്നിവയിൽ ഇനിമുതൽ പങ്കെടുക്കേണ്ടതില്ലെന്നു കാണിച്ചു വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ മദർ സുപ്പീരിയർ മുഖേന സിസ്റ്റർ ലൂസിക്ക് അറിയിപ്പു നൽകി.

നടപടിയെക്കുറിച്ച് അറിയിച്ചതു മദർ സുപ്പീരിയർ ആണെന്നും ചെയ്ത തെറ്റ് എന്താണെന്നു വ്യക്തമാക്കിയിട്ടില്ലെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു. നടപടിയുമായി രൂപതാ നേതൃത്വത്തിനു ബന്ധമില്ലെന്നു പിആർഒ ഫാ. ജോസ് കൊച്ചറയ്ക്കൽ പറഞ്ഞു. സിസ്റ്റർ ലൂസിയുടേത് സന്യാസസമൂഹത്തിന്റെ നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ജീവിതശൈലിയാണെന്നും അവർക്കെതിരെ മറ്റു പല കാരണങ്ങളുടെ പേരിൽ നേരത്തേ നടപടിയെടുത്തിട്ടുണ്ടെന്നും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീസമൂഹത്തിന്റെ വക്താവ് അറിയിച്ചു. സമരംചെയ്ത തങ്ങളും നടപടി നേരിടേണ്ടിവരുമെന്ന ആശങ്കയുണ്ടെന്നു സിസ്റ്റർ അനുപമ പറഞ്ഞു.

related stories