Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസികളുടെ പ്രതിഷേധം: സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരായ സഭാ നടപടി പിൻവലിച്ചു

sis-lucy

മാനന്തവാടി∙ കന്യാസ്ത്രീ സമരത്തെ പിന്തുണച്ച സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരായ സഭാ നടപടി വിശ്വാസികളുടെ പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചു. ഇന്നലെ വൈകിട്ട് ഇടവക പാരിഷ് കൗൺസിലിന്റെ അടിയന്തര യോഗം ചേരുന്നതിനിടെ സിസ്റ്ററിനെ പിന്തുണയ്ക്കുന്നവർ യോഗവേദിയിലേക്ക് തള്ളിക്കയറി സംഘർഷമുണ്ടാക്കിയിരുന്നു. തുടർന്നാണ് നടപടി പിൻവലിച്ചത്.

ഞായറാഴ്ച രാവിലെയാണ് മാനന്തവാടി രൂപതയിൽപ്പെട്ട കാരക്കമല സെന്റ് മേരീസ് ഇടവകയിൽ സിസ്റ്റർ ലൂസിക്ക് ശുശ്രൂഷാ വിലക്ക് ഏർപ്പെടുത്തിയത്. കുർബാന നൽകൽ, സൺഡേ സ്കൂൾ അധ്യാപനം, ഭക്തസംഘടനാ പ്രവർത്തനം, ഇടവക യൂണിറ്റ് പ്രവർത്തനം, പ്രാർഥനാ കൂട്ടായ്മ എന്നിവയിൽ നിന്ന് സിസ്റ്റർ ലൂസിയെ മാറ്റി നിർത്തണമെന്ന് വികാരി മദർ സുപ്പീരിയർ വഴി അറിയിക്കുകയായിരുന്നു. ഇതിനെതിരെ വ്യാപകമായി വിമർശനമുണ്ടായ സാഹചര്യത്തിലാണ് ഇന്നലെ ഇടവക പാരിഷ് കൗൺസിലിന്റെ അടിയന്തര യോഗം വിളിച്ചത്.

യോഗത്തിനിടെ ചെറുപ്പക്കാരടക്കമുള്ള ഒട്ടേറെ വിശ്വാസികൾ തീരുമാനത്തിനെതിരെ രംഗത്തു വന്നു. യോഗസ്ഥലത്തു സംഘർഷാവസ്ഥയും ൈകയേറ്റ ശ്രമവുമുണ്ടായി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ നടപടി പിൻവലിച്ചതായി വികാരി ഫാ. സ്റ്റീഫൻ കോട്ടക്കൽ അറിയിച്ചപ്പോൾ വിശ്വാസികൾ ആർപ്പുവിളികളോടെ സ്വാഗതം ചെയ്തു.

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്റെ മാനന്തവാടി സെന്റ് മേരീസ് പ്രൊവിൻസ് അംഗമാണ് സിസ്റ്റർ ലൂസി കളപ്പുര.

∙ സിസ്റ്റർ ലൂസി: ദൈവത്തിന്റെ നീതി വിജയിച്ചു. നീതിനിഷേധത്തിനെതിരെ പോരാട്ടം തുടരും. സ്നേഹത്തിന്റെയും കരുണയുടെയും വിപ്ലവം ജയിക്കും. ആരോടും പിണക്കമില്ല.

ഇടപെടുമെന്ന് ജോസഫൈൻ

കൽപറ്റ∙ സമരത്തിൽ പങ്കെടുത്ത കന്യാസ്ത്രീകൾക്കെതിരെ നടപടികൾ സ്വീകരിച്ചതു ഗൗരവമായാണ് കാണുന്നതെന്നും ആവശ്യമെങ്കിൽ ഇടപെടുമെന്നും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.

related stories