Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5000 കോടി പ്രത്യേക ധനസഹായം തേടി; പിണറായി – മോദി കൂടിക്കാഴ്ച

pinarayi-vijayan-visit-narendra-modi പ്രളയദുരിതാശ്വാസം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച.

ന്യൂഡൽഹി ∙ പ്രളയദുരിതത്തിൽനിന്നു കരകയറാൻ കേരളത്തിന് 5000 കോടി രൂപ പ്രത്യേക ധനസഹായം അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആവശ്യപ്പെട്ടു. ഇതിനു പുറമേ, കേന്ദ്ര ദുരിതാശ്വാസ നിധിയിൽ നിന്നു 4796 കോടി രൂപ അധിക സഹായമായി ഉടൻ ലഭ്യമാക്കാൻ ഇടപെടണമെന്നും മറ്റു സാമ്പത്തിക ഇളവുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

16,000 കോടിരൂപ അധികവായ്പ പ്രതീക്ഷിക്കുന്നു. ഇതിന്, കേരളത്തിന്റെ വായ്പാ പരിധി നടപ്പുവർഷം 4.5 ശതമാനവും അടുത്ത വർഷം മുതൽ 3.5 ശതമാനവുമാക്കണം. നിലവിൽ സംസ്ഥാനത്തിന്റെ ജിഡിപിയുടെ 3 ശതമാനമാണു പരിധി.

വ്യാപാരികളെയും ചെറുകിട സംരംഭകരെയും ധനസഹായ പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ ഭേദഗതി, വിവിധ കേന്ദ്രമന്ത്രാലയങ്ങൾ സംസ്ഥാനത്തിനു നൽകുന്ന പദ്ധതി വിഹിതത്തിൽ 10% വർധന തുടങ്ങിയവയും ആവശ്യപ്പെട്ടു. ഇതുവഴി 1000 കോടി രൂപയാണു പ്രതീക്ഷിക്കുന്നത്. കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് ഈ വർഷം 3000 കോടി രൂപയുടെ സഹായം, ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയവയുടെ സഹായം, നബാർഡ് ഉൾപ്പെടെയുള്ള ഏജൻസികളുടെ വായ്പാ പരിധിയിൽ ഇളവ് തുടങ്ങിയ ആവശ്യങ്ങളും പിണറായി ഉന്നയിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് ഒപ്പമുണ്ടായിരുന്നു.

വിദേശ സഹായം: നിലപാടിലുറച്ച് കേന്ദ്രം

പുനർനിർമാണത്തിനു യുഎഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഈ വിഷയം ഉന്നയിച്ചു. കേന്ദ്രത്തിന്റെ നിലപാടും ചില ഉദാഹരണങ്ങളുമല്ലാതെ അനുകൂല മറുപടി ലഭിച്ചില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

വിദേശത്തുള്ള മലയാളി കൂട്ടായ്മകൾ നിർമാണ പദ്ധതികളിൽ സഹായിക്കുന്നതിനോടു കേന്ദ്രത്തിനു വിയോജിപ്പില്ല. പണം സമാഹരിക്കാൻ മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തുന്ന വിദേശ സന്ദർശനത്തിനു മുഖ്യമന്ത്രി കേന്ദ്ര സഹകരണം അഭ്യർഥിച്ചു. വിദേശസഹായം വാങ്ങുന്നതിനു കേന്ദ്രനിലപാട് അനുകൂലമാക്കാൻ ശ്രമം തുടരുമെന്നു മുഖ്യമന്ത്രി പിന്നീടു പറഞ്ഞു.

related stories