Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല പുനർ നിർമാണ ഫണ്ട്; സാധ്യത തേടി ഹൈക്കോടതി

high-court-kerala

കൊച്ചി ∙ പ്രളയശേഷം ശബരിമല പുനർനിർമാണത്തിനുള്ള ഫണ്ട് ലഭ്യമാക്കാൻ പ്രത്യേക സ്രോതസുകൾ കണ്ടെത്താനാകുമോ എന്നു ഹൈക്കോടതി. പുനരുദ്ധാരണ ഫണ്ട് സമാഹരിക്കാൻ പ്രത്യേക ഭണ്ഡാരം വയ്ക്കാനാകുമോ എന്ന സാധ്യത കോടതി മുന്നോട്ടുവച്ചു. കോർപറേറ്റ് കമ്പനികളുടെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ചെറിയ വിഹിതം ഈയാവശ്യത്തിനു കിട്ടുമോ എന്ന് മാസ്റ്റർ പ്ലാൻ നടത്തിപ്പു സമിതിക്ക് ആരായാവുന്നതാണെന്നും കോടതി പറഞ്ഞു.

ശബരിമല സ്പെഷൽ കമ്മിഷണർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണു ദേവസ്വം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. പമ്പ, സന്നിധാനം തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഭക്തർക്കു പുനരുദ്ധാരണ ഫണ്ടിലേക്കു സംഭാവന നൽകാനാകുംവിധം പ്രത്യേക ഭണ്ഡാരം വയ്ക്കാനാകുമോ, മാധ്യമങ്ങളിൽ ഇതേക്കുറിച്ചു പ്രചാരണം നൽകാൻ സാധിക്കില്ലേ തുടങ്ങിയ അഭിപ്രായങ്ങളാണു കോടതി മുന്നോട്ടുവച്ചത്. ബജറ്റ് വിഹിതമായ 28 കോടി രൂപ അനുവദിക്കുമെന്നു സർക്കാർ അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.

ഇതിനിടെ ശബരിമലയിലേക്കുള്ള റോഡ്, പാലം, കലുങ്ക് എന്നിവയുടെ പുനർനിർമാണ ചെലവ് ദേവസ്വം ബോർഡ് വഹിക്കേണ്ടി വരില്ലെന്നും പമ്പയിലെയും സന്നിധാനത്തെയും പ്രവർത്തനങ്ങൾക്കു മാത്രമേ ദേവസ്വം ഫണ്ട് ഉപയോഗിക്കൂ എന്നും സർക്കാർ ഉത്തരവിൽ വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് സമർപ്പിച്ച ഹർജി കോടതി ഒക്ടോബർ എട്ടിനു പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. അതേസമയം സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയ സാഹചര്യത്തിൽ എം. കെ. ഗോപിനാഥ് സമർപ്പിച്ച ഹർജി തീർപ്പാക്കി.