Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് സേനയിൽ വീണ്ടും സ്വകാര്യാവശ്യത്തിനു നിയമനം

തിരുവനന്തപുരം∙ പൊലീസ് സേനയിൽ വീണ്ടും ഐപിഎസ് ഉദ്യോഗസ്ഥന്റെ സ്വകാര്യാവശ്യത്തിനായി കോൺസ്റ്റബിളിനു നിയമനം. കേരള പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗം ഹെഡ് കോൺസ്റ്റബിൾ എ.എം.സുധീർഖാനെയാണ് എസ്പി ജയനാഥിന്റെ ലെയ്സൺ ഓഫിസർ എന്ന തസ്തികയിൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപി ടോമിൻ തച്ചങ്കരി ഡിജിപിയുടെ ഉത്തരവു മറികടന്നു നിയമിച്ചത്.

ടെലികമ്യൂണിക്കേഷനിലെ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി വിഭാഗം എസ്പിയാണ് ഇദ്ദേഹം. മുൻപും പൊലീസിൽ ഉന്നത ഉദ്യോഗസ്ഥരുടെ സ്വകാര്യ ആവശ്യങ്ങൾക്കായാണു ലെയ്സൺ ഓഫിസർ എന്ന പേരിൽ നിയമനം നടത്തിയിരുന്നത്. ഇവർ ഒരിക്കലും ഓഫിസ് ഡ്യൂട്ടിക്ക് എത്താറില്ല. ഉദ്യോഗസ്ഥന്റെ സ്വകാര്യാവശ്യങ്ങൾക്കാണ് ഇവരെ ഉപയോഗിക്കുന്നത്. ഈയിടെ സേനയിൽ ദാസ്യവേല വ്യാപകമായപ്പോൾ അതിനെതിരെ പൊലീസുകാർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്നാണു സർക്കാർ നിർദേശപ്രകാരം ഇത്തരക്കാരെ മുഴുവൻ മാതൃ യൂണിറ്റുകളിലേക്കു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മടക്കിയത്.

പൊലീസ് അസോസിയേഷന്റെ മുൻ ഭാരവാഹിയാണു സുധീർഖാൻ. ഇതിനു പുറമെ മിക്ക ഐപിഎസ് ഉദ്യോഗസ്ഥരുടെ കൂടെയും ഉത്തരവില്ലാതെ രണ്ടിലേറെ പൊലീസുകാർ ഇപ്പോൾ ജോലി ചെയ്യാതെ നടക്കുന്നുണ്ട്. പലരും സ്ഥാനക്കയറ്റവും ഗുഡ് സർവീസ് എൻട്രിയും മോഹിച്ചാണ് അപേക്ഷ നൽകി ഈ പണി സംഘടിപ്പിക്കുന്നത്. അതിനാൽ പരാതിയും കുറവാണ്. എന്നാൽ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ 150 തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. അതിലേറെ ഉദ്യോഗസ്ഥരെ ഈയിടെ ഡിവൈഎസ്പിമാരുടെ ഓഫിസുകൾ മാറ്റി നിയമിച്ചു. ശേഷിക്കുന്നവർ വകുപ്പിൽ ഇരട്ടിപ്പണി ചെയ്യുമ്പോഴാണ് അണിയറയിൽ ഇത്തരം നടപടി.