Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സൈസ് വകുപ്പിൽ കലഹം നുരയുന്നു; ഉദ്യോഗസ്ഥനെ കമ്മിഷണർ സ്ഥലം മാറ്റി, മന്ത്രി ഇടപെട്ട് മരവിപ്പിച്ചു

brewery-cartoon

കൊച്ചി∙ ബ്രൂവറി, ഡിസ്റ്റിലറി വിവാദത്തിനു പിന്നാലെ എക്സൈസ് വകുപ്പിൽ പൊട്ടിത്തെറി. ഇതിന്റെ ഫയലുകൾ നീക്കാൻ മുൻകയ്യെടുത്ത ഉദ്യോഗസ്ഥനെ കമ്മിഷണർ സ്ഥലം മാറ്റി. കമ്മിഷണറുടെ ഉത്തരവിറങ്ങി ഒരു മണിക്കൂറിനുള്ളിൽ അതു റദ്ദാക്കാൻ എക്സൈസ് മന്ത്രിയുടെ ഓഫിസിൽനിന്നു കർശന നിർദേശം വന്നെങ്കിലും ആദ്യം ഉറച്ചു നിന്ന ഋഷിരാജ് സിങ് പിന്നീടു തീരുമാനം മരവിപ്പിച്ചു. 

നിർദേശം വകവയ്ക്കാതെ രാഷ്ട്രീയമായി തീരുമാനം എടുക്കുകയും, വിവാദമായപ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്ത സർക്കാർ നടപടിക്കെതിരെ എക്സൈസിൽ പുകയുന്ന പ്രതിഷേധത്തിന്റെ തുടർച്ചയാണ് ഈ നടപടികളെന്നാണു സൂചന.

പത്രക്കുറിപ്പ്: അന്വേഷിക്കണമെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി

ബ്രൂവറി വിഷയത്തിൽ എക്സൈസിന്റെ പേരിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഡിഷനൽ ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തരവകുപ്പിനാണു കത്തു നൽകിയത്. തന്റെ അനുമതിയില്ലാതെ പത്രക്കുറിപ്പ് പുറത്തിറങ്ങിയോ എന്ന് അന്വേഷിക്കണമെന്നതാണ് ആവശ്യം. അന്വേഷണത്തിന് എക്സൈസ് ഡപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ബ്രൂവറി അനുമതികളെ ന്യായീകരിച്ചുകൊണ്ട് എക്സൈസ് മന്ത്രിയുടെ ഓഫിസിൽ തയ്യാറാക്കിയ പത്രക്കുറിപ്പ് മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിന്റെ വാട്സാപ് വഴിയാണ് മാധ്യമങ്ങൾക്ക് എത്തിച്ചതെന്നാണു വിവരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായാണ് എക്സൈസ് വകുപ്പിന്റെ പേരിൽ പത്രക്കുറിപ്പ് ഇറങ്ങിയത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ അപമാനിച്ചതായി കാട്ടി െക.സി. ജോസഫ് എംഎൽഎ അവകാശലംഘനത്തിനു സ്പീക്കർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. 

സ്ഥലം മാറ്റിയത് ഇടത് അനുഭാവിയെ

ബ്രൂവറി ഉടമകളുടെ അപേക്ഷകൾ ഉൾപ്പെടുന്ന ഫയലുകൾക്കു വേഗം കൂട്ടിയെന്നു കണ്ടെത്തിയ, കമ്മിഷണർ ഓഫിസിലെ ഓഡിറ്റ് വിഭാഗത്തിലെ ഇടത് അനുഭാവിയായ ഉദ്യോഗസ്ഥനെയാണ് ഋഷിരാജ് സിങ് അടിയന്തരമായി കണ്ണൂരിലേക്കു സ്ഥലം മാറ്റിയത്. എന്നാൽ ഉത്തരവിറങ്ങി മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയുടെ ഓഫിസിൽനിന്ന് പിൻവലിക്കാൻ നിർദേശം വന്നു. 

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ താൻ അനാവശ്യമായി ഏറ്റുവാങ്ങുകയായിരുന്നു എന്ന നിലപാടിലാണ് കമ്മിഷണർ. വിവാദത്തെ കുറിച്ച് വിശദീകരിക്കാൻ മന്ത്രി വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിലും ബ്രൂവറി അനുമതികളെക്കുറിച്ച് പ്രതികരിക്കാൻ സിങ് തയ്യാറായിരുന്നില്ല.

related stories