Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലാസ്റ്റിക് കവറിലാക്കി മാലിന്യമെറിയുന്ന പതിവ് ജനം നിർത്തണം: കോടതി

Kerala-High-Court-2

കൊച്ചി ∙ മാലിന്യം പ്ലാസ്റ്റിക് കവറിൽ കെട്ടി പൊതുസ്ഥലങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും ജലാശയങ്ങളിലും വലിച്ചെറിയുന്ന പതിവ് പൊതുജനം അവസാനിപ്പിക്കണമെന്നു ഹൈക്കോടതി. വീടുകളിൽനിന്നു മാലിന്യം ശേഖരിക്കാൻ ക്രമീകരണമുണ്ടാക്കുകയും വേണ്ടത്ര ബക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്യുന്ന കാര്യം കൊച്ചി കോർപറേഷൻ സെക്രട്ടറി ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

പൊതുസ്ഥങ്ങളിൽ മാലിന്യം തള്ളുന്നതു ശുചിത്വപാലനത്തിൽ കോർപറേഷനു വലിയ വെല്ലുവിളിയാകുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം തിങ്ങി കാനകളും മറ്റും നിറഞ്ഞുകവിഞ്ഞൊഴുകുന്നതു ജനജീവിതം ദുസ്സഹമാക്കും. മാലിന്യം വലിച്ചെറിയുന്നവരിൽനിന്നു പിഴ ഈടാക്കാനുള്ള നിയമവ്യവസ്ഥ കർശനമായി നടപ്പാക്കണമെന്നു കോടതി ചൂണ്ടിക്കാട്ടി.

മാലിന്യം കുന്നുകൂടിക്കിടക്കാതെ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ നഗരസഭയ്ക്കു ബാധ്യതയുണ്ട്. അതു ചെയ്തില്ലെങ്കിൽ ജനം നേരിടേണ്ടിവരുന്ന ദുരിതത്തിനു വാർഡ് കൗൺസിലർമാരും നഗരസഭാ സെക്രട്ടറിയുമാണ് ഉത്തരവാദികൾ. ദിവസേന വീടുകളിൽനിന്നു മാലിന്യം നീക്കാൻ നഗരസഭാധികൃതർ നടപടിയെടുക്കണം. പൊതുജനം മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങളിൽ നിരീക്ഷണത്തിനു ക്യാമറകൾ സ്ഥാപിക്കണം. കോർപറേഷൻ പരിധിയിൽ വൃത്തിയും ശുചിത്വവും പാലിക്കുന്ന കാര്യം ഉറപ്പാക്കാൻ സന്നദ്ധസംഘടനകളുടെയും പ്രവർത്തകരുടെയും സേവനം തേടാൻ നഗരസഭയ്ക്കു സാധ്യമാണെന്നും കോടതി വ്യക്തമാക്കി.

കൊച്ചി കലൂർ സ്വദേശി ഏബ്രഹാം ക്ലാൻസി റോസ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഷാജി പി. ചാലിയുടെ ഉത്തരവ്. മാലിന്യ കൈകാര്യം സംബന്ധിച്ച മുനിസിപ്പാലിറ്റി നിയമത്തിലെ വ്യവസ്ഥകൾ സമയബന്ധിതമായി നടപ്പാക്കണമെന്നും മാലിന്യ കൈകാര്യത്തിനു സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നിയമലംഘനത്തിന്റെ പേരിൽ പിഴയീടാക്കിയതിന്റെ വിശദാംശങ്ങളും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണം.

related stories