Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയുടെ ഏക അവകാശി ദേവസ്വം ബോർഡ്: മുഖ്യമന്ത്രി

CM Pinarayi Vijayan

തിരുവനന്തപുരം ∙ രണ്ടു വർഷമായി ശബരിമല തീർഥാടകർക്കു സൗകര്യമൊരുക്കാൻ സർക്കാർ ചെലവഴിച്ചത് 302.18 കോടി രൂപയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദേവസ്വം ബോർഡിന്റെ ചില്ലിക്കാശു പോലും സർക്കാർ എടുക്കുന്നില്ല. 1949 ലെ ഉടമ്പടിപ്രകാരം തങ്ങൾക്കു ശബരിമല ക്ഷേത്രത്തിൽ അധികാരമുണ്ടെന്നാണു ചിലർ പറയുന്നത്. ഉടമ്പടിയിൽ തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാരും കേന്ദ്ര സർക്കാരിന്റെ പ്രതിനിധി വി.പി. മേനോനുമാണ് ഒപ്പിട്ടത്.

തിരുവിതാംകൂറും കൊച്ചിയും ലയിക്കുന്നതാണ് ഇതിൽ ഒന്നാമത്തേത്. തിരുവിതാംകൂറിന്റെ ക്ഷേത്രങ്ങൾ തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കീഴിലും കൊച്ചിയുടെ ക്ഷേത്രങ്ങൾ കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലും കൊണ്ടുവരാനുമുളള തീരുമാനമാണു രണ്ടാമത്തേത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിക്കുമ്പോൾ 50 ലക്ഷം രൂപ സർക്കാർ നൽകണം എന്ന വ്യവസ്ഥയും അതിലുണ്ടായിരുന്നു. പന്തളം രാജകുടുംബം ഈ ഉടമ്പടിയിൽ കക്ഷിയല്ല.

കടക്കെണിയിൽപെട്ടതിനാൽ പന്തളം രാജ്യവും ആദായങ്ങളും ശബരിമല നടവരവും തിരുവിതാകൂറിനു വിട്ടുകൊടുത്തിരുന്നു. ഇത്തരം അധികാരങ്ങൾ പണ്ടു മുതലേ ഇല്ലാതായി എന്നു വ്യക്തം. തിരുവിതാകൂറിന്റെ സ്വത്തായിരുന്ന ശബരിമല ഉൾപ്പെടെയുളള ക്ഷേത്രങ്ങൾ ഉടമ്പടിപ്രകാരം തിരു-കൊച്ചി സംസ്ഥാനത്തിന്റേതായി. പിന്നീട് ഐക്യ കേരളം വന്നപ്പോൾ കേരളത്തിന്റെ സ്വത്തായി. ഹിന്ദു ക്ഷേത്രങ്ങൾ ഭരിക്കാൻ ദേവസ്വം ബോർഡ് രൂപീകൃതമായി. അക്കാലം മുതൽ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണു ശബരിമല ക്ഷേത്രം. അതിന്റെ നിയമപരമായ ഏക അവകാശി ബോർഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു.