Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറിച്ചിടാൻ ‘ആ തടി’ മതിയാകില്ലെന്ന് അമിത് ഷായോടു പിണറായി

Pinarayi Vijayan പിണറായി വിജയൻ

പാലക്കാട് ∙ സംസ്ഥാന സർക്കാരിനെ മറിച്ചിടാൻ അമിത് ഷായ്ക്ക് ‘ആ തടി’ മതിയാകുമെന്നു തോന്നുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള ശേഷിയൊന്നും ആ തടിക്കില്ല. അതിന് ഈ തടി പോര. ആ തടിക്കു വെള്ളം കൂടുതലാണെന്നാണു മട്ട് കാണുമ്പോൾ തോന്നുന്നത്. അതൊക്കെ അങ്ങു ഗുജറാത്തിൽ പ്രയോഗിച്ചാ‍ൽ മതി. പട്ടികജാതി ക്ഷേമ സമിതി (പികെഎസ്) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

അമിത് ഷായുടെ വാക്കിൽ  ആവേശം മൂത്ത്  ശബരിമലയിൽ ചെന്നു ‘കളിച്ചുകളയാം’ എന്ന് ആർക്കെങ്കിലും തോന്നിയാൽ ആ കളി മോശമാകും. അക്രമികളെ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ തിരിക്കാനാകില്ല. വിശ്വാസമുണ്ടെങ്കിൽ അക്രമം നടത്താമെന്നൊന്നുമില്ല. ശബരിമലയിലെത്തി നല്ല  തെറിയും ആ‌ക്‌ഷനും  നടത്തുന്നരോട് ‘വന്നോളു, ചെയ്തോളു’ എന്നു പറയാനാകില്ല.  സംഘപരിവാറുകാർ അക്രമികളെ  റിക്രൂട്ട് ചെയ്താണു ശബരിമലയിൽ കൊണ്ടുവന്നത്. ക്രിമിനലുകളെയാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കേരള സർക്കാരിനെ മറിച്ചിടുമെന്നു പറഞ്ഞ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കു കടുത്ത ഭാഷയിലാണു മുഖ്യമന്ത്രി മറുപടി പറഞ്ഞത്. കേരളത്തിൽ എത്തിയാൽ അമിത്ഷായ്ക്കു മതിഭ്രമമാണ്. ‘നിങ്ങൾക്കു കയ്യാളാവുന്ന സാധനമല്ല കേരള സർക്കാർ. പിപ്പിടി കാണിച്ചു വിരട്ടാൻ ഇങ്ങോട്ടു വരണ്ട. നിങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്നവരോടു ചെന്നു പറഞ്ഞുകൊള്ളണം ആ വർത്തമാനം. ഇതു കേരളമാണ്. ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും ചട്ടമ്പി സ്വാമികളുടെയുമെല്ലാം നാട്. ഈ മണ്ണിൽ നിങ്ങൾക്കിടമില്ല.  അൽപൻമാർക്കു മറുപടി പറയാറില്ല. പക്ഷേ, ആ പറഞ്ഞതൊക്കെ വലിയ കാര്യമാണെന്നു കരുതുന്ന ചിലരൊക്കെ ഇവിടെയുള്ളതിനാലാണു പറയേണ്ടി വന്നത്. അമിത് ഷാ ഇടയ്ക്കൊക്കെ കേരളത്തിൽ വന്നു വർത്തമാനം പറഞ്ഞാൽ തങ്ങളുടെ പണി ‌കുറയും.

ബാബറി മസ്ജിദ് കേസ് കോടതിയിൽ വരുന്നതിനു മുന്നോടിയായാണ് അമിത് ഷാ ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ശബരിമലയുമായി ബന്ധപ്പെട്ടു സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ഉറപ്പുകൊടുത്ത സർക്കാരിനു റിവ്യൂ ഹർജി കൊടുക്കാനാകില്ല. വാക്കിനു സ്ഥിരതയുള്ള സർക്കാരാണിത്. ഇപ്പോഴത്തെ വിധിക്കെതിരെ ചിലരൊക്കെ കോടതിയെ സമീപിച്ചിട്ടുണ്ടല്ലോ. അതിൽ അനുകൂല വിധി വരുകയാണെങ്കിൽ  അതും നടപ്പാക്കും. പക്ഷേ, സ്ത്രീക്കും പുരുഷനും തുല്യ ആരാധന സ്വാതന്ത്ര്യം വേണമെന്നാണു സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. എസ്. അജയകുമാർ അധ്യക്ഷനായിരുന്നു. മന്ത്രി എ.കെ.ബാലൻ പ്രസംഗിച്ചു.