Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

4 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം തടഞ്ഞ് സുപ്രീം കോടതി

Supreme Court of India

ന്യൂഡൽഹി/ തിരുവനന്തപുരം ∙  തൊടുപുഴ അൽ അസ്ഹർ, വർക്കല എസ്.ആർ, പാലക്കാട് പി.കെ. ദാസ്, ഡി.എം. വയനാട് എന്നീ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിസ് പ്രവേശനം അനുവദിച്ച ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) നൽകിയ ഹർജിയിലാണു ജഡ്ജിമാരായ അരുൺ മിശ്ര, വിനീത് ശരൺ എന്നിവരുടെ ബെഞ്ചിന്റെ നടപടി.

4 കോളജുകളിലായി 550 സീറ്റുകളാണുള്ളത്. ഹൈക്കോടതി വിധിക്കു പിന്നാലെ 482 പേർ പ്രവേശനം നേടിയിരുന്നു. കഴിഞ്ഞ മാസം 5നു സുപ്രീം കോടതി പ്രവേശനം സ്റ്റേ ചെയ്തതോടെ കുറച്ചുപേർ മറ്റു കോഴ്സുകളിലേക്കു മാറി. അതേസമയം, അന്തിമവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ മുന്നൂറോളം പേർ മറ്റു കോഴ്സുകൾക്കു ചേരാതെ കാത്തിരിക്കുകയായിരുന്നുവെന്നു രക്ഷിതാക്കളും കോളജ് അധികൃതരും പറയുന്നു. നൂറോളം കുട്ടികൾക്കേ അവസരം നഷ്ടമാകൂ എന്നാണു സർക്കാരിന്റെ വിശദീകരണം. കൃത്യമായ കണക്ക് സർക്കാരിന്റെ കയ്യിലുമില്ല. പ്രവേശനം കാത്തിരുന്നവർ ഫീസ് തിരികെ വാങ്ങിയിട്ടുമില്ല. ഇതു തിരിച്ചുകൊടുക്കുന്ന കാര്യത്തിലും ഇനി തീരുമാനമുണ്ടാകണം.

വിധി നടപ്പാക്കും: മന്ത്രി ശൈലജ

തൃശൂർ ∙ സീറ്റുകൾ നഷ്ടപ്പെടുന്നതിൽ സർക്കാരിന് ഉത്കണ്ഠയുണ്ടെങ്കിലും മറ്റു വഴിയില്ലാത്തതിനാൽ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോടതി തീരുമാനം വരെ കാത്തിരുന്ന് അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതിയാണു പ്രവേശനം നടത്തിയത്. പ്രവേശനം പൂർത്തിയായതിനാൽ അനുകൂല നിലപാടുണ്ടാകണമെന്നു സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നിയമവശങ്ങൾ പരിശോധിച്ചാകും തുടർനടപടി. വിധിയെ മറികടക്കാൻ ആലോചനകളില്ലെന്നും മന്ത്രി പറഞ്ഞു.

related stories