Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തച്ചങ്കരിയെ മാറ്റണമെന്ന് സിപിഎം അംഗങ്ങൾ

tomin-thachankary

തിരുവനന്തപുരം ∙ കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നു ടോമിൻ തച്ചങ്കരിയെ നീക്കണമെന്നാവശ്യപ്പെട്ടു ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ രണ്ടു സിപിഎം പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. തച്ചങ്കരിയുടെ പരിഷ്കാരങ്ങൾ മൂലം സിഐടിയു യൂണിയനിലെ അംഗങ്ങളുടെ എണ്ണം 25 ശതമാനത്തോളം കുറഞ്ഞെന്നും ഇടതു സർക്കാരിന്റെ നയങ്ങളല്ല അദ്ദേഹം നടപ്പാക്കുന്നതെന്നുമാണു കത്തിലെ പ്രധാന ആരോപണം.

ബോർഡ് അംഗങ്ങളായ ടി.കെ.രാജൻ, സി.വി.വർഗീസ് എന്നിവരാണു കത്തു നൽകിയത്. സമീപകാലത്ത് എംഡിമാരായവരിൽ എ. ഹേമചന്ദ്രൻ മാത്രമാണു കെഎസ്ആർടിസിയെ രക്ഷിക്കാൻ ശ്രമിച്ചതെന്നു കത്തിൽ പറയുന്നു. യൂണിയൻ വരിസംഖ്യ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു നേരിട്ടു പിടിക്കുന്നതിനു തച്ചങ്കരി വിലക്കു കൊണ്ടുവന്നതോടെ അംഗങ്ങളുടെ എണ്ണം കാര്യമായി കുറഞ്ഞു. ബോർഡിൽ ആലോചിക്കാതെയാണ് എംഡി പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.

ടിക്കറ്റ് റിസർവേഷൻ കുടുംബശ്രീക്കു കൈമാറാനും ഇലക്ട്രിക് ബസ് വാടകയ്ക്ക് എടുക്കാനുമുള്ള തീരുമാനങ്ങൾ ഉൾപ്പെടെ ബോർഡിൽ ചർച്ച ചെയ്തില്ലെന്നും ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കത്തു നൽകിയിട്ടുണ്ട്. തച്ചങ്കരിക്കെതിരായ സിഐടിയു നീക്കങ്ങൾക്കു പിന്നാലെ ഇപ്പോൾ സിപിഎമ്മിൽ നിന്നുമുള്ള പ്രതിഷേധം.

തീരുമാനമാകാതെ സുശീൽ ഖന്ന റിപ്പോർട്ട്

കെഎസ്ആർടിസി ബോർഡ് ഓഫ് ഡയറക്ടേഴ്സ് പിരിച്ചുവിട്ടു പ്രഫഷനൽ യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി പുന:സംഘടിപ്പിക്കണമെന്ന പ്രഫ. സുശീൽ ഖന്ന റിപ്പോർട്ടിലെ ശുപാർശ നടപ്പാക്കണമെന്നാവശ്യപ്പെട്ടു മുൻ എംഡി എ.ഹേമചന്ദ്രൻ നൽകിയ കത്തിൽ ഒൻപതു മാസമായിട്ടും സർക്കാർ തീരുമാനമായില്ല. കെഎസ്ആർ ടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു രക്ഷിക്കാൻ സർക്കാർ നിയോഗിച്ച സുശീൽ ഖന്നയുടെ റിപ്പോർട്ടിലെ പ്രധാന ശുപാർശകളിലൊന്നായിരുന്നു ഇത്.

related stories