Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ഡോക്ടർമാർ ഉൾപ്പെടെ 3000 ജീവനക്കാർ; 16 ചികിൽസാ കേന്ദ്രങ്ങൾ

Sabarimala Temple

തിരുവനന്തപുരം∙ ശബരിമല മണ്ഡലവിളക്ക് തീർത്ഥാടന കാലത്തു ഡോക്ടർമാർ ഉൾപ്പെടെ മൂവായിരത്തോളം ജീവനക്കാരെ ആരോഗ്യ വകുപ്പ് നിയോഗിക്കും. പമ്പ മുതൽ സന്നിധാനം വരെ അഞ്ചു കിലോമീറ്റർ പ്രദേശത്തു 16 ചികിത്സാകേന്ദ്രങ്ങൾ തുറക്കാനും മന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയിൽ  ഉന്നതതലയോഗം തീരുമാനിച്ചു. ഒപി, ഇന്റൻസീവ് കാർഡിയാക് കെയർ ക്ലിനിക്കുകൾ, ഓപ്പറേഷൻ തിയറ്ററുകൾ, ഓക്‌സിജൻ പാർലറുകൾ, മൊബൈൽ ക്ലിനിക്കുകൾ, ആംബുലൻസ് എന്നിവ  ഉണ്ടാകും.

സന്നിധാനത്തും പമ്പയിലും ഡിസ്പൻസറികൾ പ്രവർത്തനം തുടങ്ങി. 15 മുതൽ മറ്റു സ്ഥലങ്ങളിലും ഇവ പ്രവർത്തനക്ഷമമാകും. സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ എന്നിവിടങ്ങളിൽ തീവ്രപരിചരണ സൗകര്യമുളള 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിസ്പൻസറികളിൽ ഹൃദ്രോഗവിദഗ്ധനെ നിയമിക്കും. നിലയ്ക്കലും പമ്പയിലും സഞ്ചരിക്കുന്ന നാലു ഡിസ്‌പൻസറികളാണ് ഒരുക്കുന്നത്. 24 മണിക്കൂറും പ്രവർത്തനക്ഷമമായ ആംബുലൻസ് സേവനവും ലഭ്യമാക്കും.

സന്നിധാനത്തു സർജൻ, അനസ്തറ്റിസ്റ്റ് ഉൾപ്പെടെ എമർജൻസി ഓപ്പറേഷൻ തിയറ്ററും ചരൽമേട് സ്വാമി അയ്യപ്പൻ റോഡിൽ താൽക്കാലിക ആശുപത്രിയും ആരംഭിക്കും. തിരക്കു കൂടുമ്പോൾ അഴുത, കരിമല, പുൽമേട്, എരുമേലി എന്നിവിടങ്ങളിൽ ഒരോ താൽക്കാലിക ഡിസ്പൻസറിയും എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കാർഡിയാക് കെയർ യൂണിറ്റും ആരംഭിക്കും.