Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി ശബരിമല സന്ദർശിച്ചേക്കും; ചെന്നിത്തല നാളെ പമ്പയിൽ

Pinarayi Vijayan, Ramesh Chennithala പിണറായി വിജയൻ, രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താൻ ബുധനോ വ്യാഴമോ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സന്ദർശിച്ചേക്കും. ഒരുക്കങ്ങൾ ഇഴയുന്നുവെന്ന വിമർശനങ്ങൾക്കിടെ മുഖ്യമന്ത്രിയും ശബരിമല ഉന്നതാധികാര സമിതിയും നാളെ അവലോകന യോഗങ്ങളും വിളിച്ചിട്ടുണ്ട്. നിലയ്ക്കലും പമ്പയിലും നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ടാറ്റ പ്രോജക്ട്സിനു സർക്കാർ കർശന നിർദേശം നൽകി.

ഹൈക്കോടതി നിയോഗിച്ച ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷൻ ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ അവലോകനയോഗം നാളെ രാവിലെയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള യോഗം ഉച്ചയ്ക്കു ശേഷവുമാണ്. പൊലീസ് ഉദ്യോഗസ്ഥരും വിവിധ സർക്കാർ വകുപ്പു മേധാവികളും ദേവസ്വം ബോർഡ് അധികൃതരും പങ്കെടുക്കും. ടാറ്റ പ്രോജക്ട്സിന്റെ ജോലി 70 % പൂർത്തിയായെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. ഈ മാസം തന്നെ നിർമാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കണമെന്നാണു നിർദേശം.

മണ്ഡല–മകരവിളക്കു കാലത്ത് സുരക്ഷയ്ക്കായി 16,000 പൊലീസുകാരെ നിയോഗിക്കും. 4 ഘട്ടമായി ശരാശരി 4000 പൊലീസുകാർ വീതം സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സുരക്ഷാ ചുമതലയിലുണ്ടാകും. 15 ദിവസം കൂടുമ്പോൾ ഉദ്യോഗസ്ഥ സംഘങ്ങൾ മാറും. സന്നിധാനത്താകും ഏറ്റവും കൂടുതൽ പൊലീസുകാരെ നിയോഗിക്കുക– 1500. വനിതാ തീർഥാടകരുടെ സുരക്ഷയ്ക്കായി 60 എസ്ഐമാർ ഉൾപ്പെടെ 900 വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. നാവിക, വ്യോമസേനകളുടെ സഹായത്തോടെ ആകാശനിരീക്ഷണം ഏർപ്പെടുത്തും. നിലയ്ക്കലിൽ ഹെലിപ്പാഡും സജ്ജമാക്കും. 

ചെന്നിത്തല നാളെ പമ്പയിൽ

തിരുവനന്തപുരം∙പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ ഉച്ചയ്ക്കു മൂന്നിനു പമ്പ സന്ദർശിക്കും. മണ്ഡലകാലത്തിനു നടതുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും ശബരിമലയിൽ ഒരുക്കങ്ങളും വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന  പരാതിയുടെ അടിസ്ഥാനത്തിലാണു സന്ദർശനം.