Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരിഞ്ഞുമുറുക്കി പൊലീസ്; സന്നിധാനത്തെ നിയന്ത്രണങ്ങൾ നീക്കണമെന്ന് ദേവസ്വം ബോർഡ്

sabarimala-pilgrims ശബരിമല താഴെ തിരുമുറ്റത്ത് വാവരു നട മുതൽ വടക്കേ നട വരെ ഭക്തർ കടക്കാതിരിക്കാൻ പൊലീസ് ബാരിക്കേഡ് കെട്ടിയപ്പോൾ. ചിത്രം: മനോരമ

ശബരിമല/ തിരുവനന്തപുരം ∙ ശബരിമല തീർഥാടകരുടെ മേൽ നിയന്ത്രണങ്ങൾ കൂട്ടി പൊലീസ്. നിയന്ത്രണങ്ങളിൽ അയവുവരുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറയുന്നുണ്ടെങ്കിലും സ്ഥിതി നേരെ മറിച്ചാണ്. സന്നിധാനത്തെ നിയന്ത്രണങ്ങൾ അടിയന്തരമായി നീക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് രംഗത്തെത്തി. രാത്രി വിരിവയ്ക്കാനുള്ള നിയന്ത്രണം ഇപ്പോഴും തുടരുന്നതിനാൽ നെയ്യഭിഷേകം നടത്താനാഗ്രഹിക്കുന്ന തീർഥാടകർ വലയുന്നു. സന്നിധാനത്തു വിരിവച്ചവരെ ഇന്നലെയും കൂട്ടത്തോടെ ഒഴിപ്പിച്ചു.

രാത്രി 11നു നടയടച്ച ശേഷം പമ്പയിൽനിന്ന് ആരെയും സന്നിധാനത്തേക്കു കയറ്റിവിടുന്നില്ല. നിലയ്ക്കലിൽ നിന്നു പമ്പയിലേക്കു രാത്രി  9.30നും 12നുമിടയ്ക്കു ബസുകൾ വിടേണ്ടെന്നാണു കെഎസ്ആർടിസിക്കു പൊലീസിന്റെ നിർദേശം. പൊലീസ് സംവിധാനത്തിൽ എന്തൊക്കെ മാറ്റമാകാമെന്ന നിർദേശങ്ങളും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായുള്ള കൂടിക്കാഴ്ചയിൽ ബോർഡ് അംഗം കെ.പി. ശങ്കരദാസ് മുന്നോട്ടുവച്ചു. ഇതു സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടായേക്കും.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഡിജിപി ഇന്നലെ കൂടിക്കാഴ്ച നടത്തിയെങ്കിലും ഇക്കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്നാണു വിശദീകരണം. തീവ്രവാദ സ്വഭാവമുള്ളവർ നുഴഞ്ഞുകയറി ആക്രമണം നടത്തിയേക്കാമെന്ന കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കാനാണു ബെഹ്റ ഉന്നത ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദേശം. സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നക്കാരെന്നു കരുതുന്നവരെ മുൻകരുതലായി കസ്റ്റഡിയിലെടുക്കാനും നിർദേശമുണ്ട്.

നെയ്യഭിഷേകത്തിനു ഭക്തർ സന്നിധാനത്തു വിശ്രമിക്കുന്നതിനു കുഴപ്പമില്ലെന്നും എന്നാൽ പ്രതിഷേധം ലക്ഷ്യമിട്ടെത്തുന്നവരെ തങ്ങാൻ അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സന്നിധാനത്തെ കടകളും അപ്പം, അരവണ കൗണ്ടറുകളും രാത്രി അടയ്ക്കണമെന്ന നിർദേശം കഴിഞ്ഞദിവസം മന്ത്രിയുടെ ഇടപെടലിനെത്തുടർന്നു പിൻവലിച്ചിരുന്നു. പമ്പ മുതൽ പ്രാഥമികാവശ്യങ്ങൾക്കു സൗകര്യമില്ലെന്നതും തീർഥാടകരെ വലയ്ക്കുന്നു. ഉള്ള ശുചിമുറികളിൽ വെള്ളമില്ല.

ദേവസ്വം ബോർഡ് നിർദേശങ്ങൾ

∙ രാത്രിയെത്തുന്നവരെ നെയ്യഭിഷേകത്തിനു സന്നിധാനത്തു തങ്ങാൻ അനുവദിക്കുക. 

∙ ഇരുമുടിക്കെട്ടുമായി എത്തുന്നവരെ പൊലീസ് തടയുന്നതും പരുഷമായി പെരുമാറുന്നതും അവസാനിപ്പിക്കുക.  

∙ പ്രായം ചെന്നവർക്കും ശാരീരികപ്രശ്നങ്ങളുള്ളവർക്കും നെയ്യഭിഷേകത്തിനു പ്രത്യേക സൗകര്യമൊരുക്കുക.

∙ നിയന്ത്രണം മൂലം പ്രസാദം വാങ്ങാൻ കഴിയുന്നില്ലെന്ന പരാതി പരിഹരിക്കുക. ബോർഡ് കൂടുതൽ കൗണ്ടറുകൾ തുറക്കാം.

∙ സന്നിധാനത്തു മുറികൾ അനുവദിക്കാൻ പൂർണമായും ഓൺലൈൻ സംവിധാനം.

അപ്രതീക്ഷിത ഹർത്താലിൽ തീർഥാടകരടക്കം വലഞ്ഞു

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ അറസ്റ്റിനെത്തുടർന്ന് ഇന്നലെ പുലർച്ചെ പ്രഖ്യാപിച്ച ഹർത്താലിൽ സംസ്ഥാനമെങ്ങും ജനജീവിതം സ്തംഭിച്ചു. മണ്ഡലകാലത്തിനു തുടക്കമായ ദിവസം ശബരിമല തീർഥാടകരടക്കം വിവിധ സ്ഥലങ്ങളിൽ കുടുങ്ങി. തിരുവനന്തപുരം ബാലരാമപുരത്ത് സിപിഎം– ബിജെപി സംഘർഷം കല്ലേറിലും ലാത്തിച്ചാർജിലും കലാശിച്ചു. കോഴിക്കോട് കുറ്റ്യാടിക്കു സമീപം സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകൻ ജൂലിയസ് നികിതാസിനെയും ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റിപ്പോർട്ടർ സാനിയൊ മനോമിയെയും ഹർത്താൽ അനുകൂലികൾ മർദിച്ചു. കൊല്ലം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും സംഘർഷമുണ്ടായി.

ഹർത്താൽ: 2000ൽ അധികം പേർക്കെതിരെ കേസ്

തിരുവനന്തപുരം ∙ ഹർത്താ‍ൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട്, തൃശൂർ, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലായി രണ്ടായിരത്തിലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് –1095, തൃശൂർ –710, കോട്ടയം –350 പേർക്കെതിരെ വീതമാണു കേസെടുത്തത്.