Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ വിമാനത്താവളം: യുഡിഎഫ് സർക്കാരുകൾ ചെയ്തതു തള്ളി പിണറായിയുടെ രാഷ്ട്രീയ പ്രസംഗം

pinarayi കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നു. ചിത്രം: മനോരമ

മട്ടന്നൂർ∙ കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാക്കാൻ എ.കെ.ആന്റണി, ഉമ്മൻചാണ്ടി സർക്കാരുകൾ ഒന്നും ചെയ്തില്ലെന്നു ധ്വനിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം ഉദ്ഘാടനച്ചടങ്ങിലാണ്, പദ്ധതിയുടെ പിതൃത്വം പൂർണമായി ഏറ്റെടുത്തു മുഖ്യമന്ത്രിയുടെ അവകാശപ്രഖ്യാപനം. പദ്ധതി പൂർത്തിയാക്കി എന്ന പ്രതീതിയുണ്ടാക്കി കഴിഞ്ഞ സർക്കാർ നടത്തിയ ഉദ്ഘാടനച്ചടങ്ങിനെയും പിണറായി വിമർശിച്ചു.

കണ്ണൂരിൽ വിമാനത്താവളം വരുമോ എന്നു സംശയിച്ചവരുണ്ട്. ചിലർക്കു ശക്തമായ എതിർപ്പുണ്ടായിരുന്നു. വികസനത്തിനുവേണ്ടി നിൽക്കുന്നവർ എന്നു പറയുന്നവർ പോലും വെറുതെ എതിർത്തു. 1996ലെ ആശയം പ്രാവർത്തികമാക്കാൻ 2018 വരെ കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. 2001-2006 കാലത്ത് ഒരു പ്രവർത്തനവുമില്ലാതെ പദ്ധതി നിശ്ചലമായി. 2006ലെ വിഎസ് സർക്കാരിന്റെ കാലത്താണു പദ്ധതിക്കു വീണ്ടും ജീവൻ വയ്ക്കുന്നത്. ആ അഞ്ചുവർഷം നല്ല പുരോഗതിയുണ്ടായി. അതനുസരിച്ചു പിന്നീടുള്ള അഞ്ചുവർഷം നടന്നോ എന്ന വിലയിരുത്തലിലേക്കു പോകുന്നില്ല.

2011-2016 കാലത്തു ചില തുടർപ്രവർത്തനങ്ങൾ നടന്നു. എയർഫോഴ്സിന്റെ വിമാനം ഇറക്കിയിട്ട് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ആ വിമാനത്താവളമാണു രണ്ടര വർഷത്തിനുശേഷം പൂർണമായ രീതിയിൽ ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കരുതെന്നു കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിനോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ പ്രത്യേക കമ്പനി രൂപീകരിച്ച് ഏറ്റെടുത്തു നടത്താൻ തയാറാണ്. ഭാവിയിൽ കരിപ്പൂർ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ അതിൽനിന്നും പിൻമാറണം. ഏറ്റെടുക്കാൻ സർക്കാർ തയാറാണെന്നും പിണറായി പറഞ്ഞു.

കേരളം രാജ്യത്തിനു മാതൃക: കേന്ദ്രമന്ത്രി സുരേഷ് പ്രഭു

മട്ടന്നൂർ∙ കണ്ണൂർ വിമാനത്താവളം കേരളത്തിന്റെ ഭാവിവികസനത്തിന്റെ പ്രവേശന കവാടമാണെന്ന് ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. സംസ്ഥാന സർക്കാർ മുൻകയ്യെടുത്തുള്ള പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ കേരളത്തിലെ രണ്ടാമത്തെ വിമാനത്താവളമാണു കണ്ണൂർ. ഭാവിയിലെ വ്യോമയാന വികസനത്തിന്റെ ദിശാസൂചികയാണിത്. ഭൂപടത്തിൽ മാത്രമാണു കേരളം ഇന്ത്യയുടെ വാലറ്റത്തുള്ളത്. മറ്റു പല കാര്യങ്ങളിലും രാജ്യത്തു മുന്നിൽ നിൽക്കുന്നതു കേരളമാണ്.

കേരളവും കേന്ദ്രവും കൈകോർത്തു പിടിച്ചാൽ ഇവിടെ പല വികസന പദ്ധതികളും സാധ്യമാകുമെന്നതിന്റെ ഉദാഹരണമാണു കണ്ണൂർ വിമാനത്താവളം. രാജ്യത്തെ ആദ്യത്തെ ആഗോള വ്യോമയാനസംഗമം 2019 ജനുവരി 15നു നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

related stories