Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ സാഹചര്യങ്ങൾ മാറി; ഇപ്പോൾ പ്രശ്നമില്ല: ഹൈക്കോടതി

high-court-kerala

കൊച്ചി∙ ശബരിമലയിൽ സാഹചര്യങ്ങൾ മാറിയെന്നും നിലവിൽ പ്രശ്നമുള്ളതായി കാണുന്നില്ലെന്നും ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. ബിജെപിക്കാരായതിനാൽ ശബരിമല ദർശനത്തിനു പോയ തങ്ങളെ പമ്പയിൽ തടഞ്ഞതായി പരാതിപ്പെട്ട് കൊടകര സ്വദേശി വിബിൻ തുടങ്ങി മൂന്നു പേർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണു പരാമർശം. ഹർജിക്കാർക്കു ദർശനത്തിന് ഏതുദിവസവും പോകാൻ തടസ്സമില്ലെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്നു ഹർജി തീർപ്പാക്കി.

നവംബർ 29നു 35 ഭക്തരുടെ സംഘത്തിൽനിന്നു തങ്ങളെ മൂന്നു പേരെ പമ്പയിൽ തടഞ്ഞുവെന്നാണു ഹർജിക്കാരുടെ പരാതി. പ്രത്യേക രാഷ്ട്രീയ പാർട്ടി ഇറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ എത്തിയവരാണെന്ന് സർക്കാർ ആരോപിച്ചു. സുപ്രീംകോടതി വിധിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇവർക്കെതിരെ നേരത്തേ കേസുണ്ട്. സഹകരിക്കണമെന്ന അഭ്യർഥന മാനിച്ചില്ല. തുടർന്നാണു തടയേണ്ടി വന്നതെന്നും ഇപ്പോൾ മല കയറാൻ തടസ്സമില്ലെന്നും പൊലീസ് വിശദീകരിച്ചു. പതിവായി ശബരിമലയ്ക്കു പോകുന്നതാണെന്ന് ഹർജിക്കാർ ബോധിപ്പിച്ചു.

പമ്പയിൽ പൊലീസ് പരിശോധനയ്ക്കിടെ ആർഎസ്എസ്, ബിജെപി ബന്ധമുള്ളവരുണ്ടോ എന്നു തിരക്കി. തങ്ങളെ ഒഴിവാക്കിയത് ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ആരോപിച്ചാണു ഹർജി.