Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴുമണിക്കൂർ നീണ്ട സംഘർഷം; മുൾമുനയിൽ പമ്പ

Sabarimal-kettu-nira ‘മനിതി’ സംഘടനയിലെ അംഗങ്ങൾ കെട്ടുനിറയ്ക്കുള്ള നെയ്തേങ്ങയും ഇരുമുടിയും പമ്പയിലെ ദേവസ്വം കെട്ടുനിറ മണ്ഡപത്തിൽ നിന്ന് എ‌ടുത്തു കൊണ്ടുപോകുന്നത് പരികർമി തടയുന്നു. ചിത്രം: മനോരമ

പമ്പ ∙ ഏഴു മണിക്കൂർ സംഘർഷം, പാഞ്ഞടുക്കുന്നവരെ കണ്ട് ഒടുവിൽ പിന്തിരിഞ്ഞോട്ടം. ‘മനിതി’ സംഘത്തിലെ യുവതികളുടെ ശബരിമല യാത്ര സംഘർഷവും ഉദ്വേഗവും അപ്രതീക്ഷിത വഴിത്തിരിവുകളുമൊക്കെ നിറഞ്ഞ ത്രില്ലർ സിനിമ പോലെയായി. സുപ്രീം കോടതി വിധിക്കു ശേഷമുള്ള മൂന്നു മാസത്തിനിടെ, ഇത്രത്തോളം യുവതികൾ  ഒരുമിച്ചു ശബരിമല ദർശനത്തിനെത്തുന്നത് ആദ്യം. 

യാത്ര പൊലീസ് കാവലിൽ

ശനിയാഴ്ച രാത്രി പത്തരയോടെ തമിഴ്നാട് പൊലീസിന്റെ അകമ്പടിയോടെ ചെക്പോസ്റ്റിലെത്തിയ സംഘത്തെ തടയാൻ ശ്രമമുണ്ടായെങ്കിലും കേരള പൊലീസ് സുരക്ഷയൊരുക്കി. 4 പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ തുടർയാത്ര. കട്ടപ്പന പാറക്കടവിലും ഈരാറ്റുപേട്ടയിലും തടയാൻ ശ്രമിച്ചവരെ പൊലീസ് നീക്കി. പിന്നീട്, ഇടയ്ക്കിടെ വഴിമാറ്റിയായി യാത്ര. മുണ്ടക്കയത്തിനു സമീപം വണ്ടൻപതാലിൽ തടയാൻ ശ്രമിച്ച ബിജെപി, ശബരിമല കർമസമിതി പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. തുടർന്നു പമ്പയിലെത്തിയപ്പോഴും കനത്ത പ്രതിഷേധം. 

സ്വയം കെട്ടുനിറയ്ക്കൽ

യുവതികൾ കെട്ടുനിറയ്ക്കാൻ ഗണപതി അമ്പലത്തിലേക്കു നീങ്ങി. അമ്പലത്തിൽ എത്തിയപ്പോഴാണു പമ്പാ സ്നാനത്തിന്റെ കാര്യം ഓർത്തത്. സ്നാനം പൂർത്തിയാക്കി പിതൃതർപ്പണത്തിനു ശ്രമിച്ചെങ്കിലും പൂജാരികൾ എതിർത്തു. അമ്പലത്തിലെത്തി 6 പേർക്കു കെട്ടുനിറയ്ക്കാൻ 250 രൂപ വീതം അടച്ചു രസീത് വാങ്ങിയെങ്കിലും പരികർമികൾ പിന്മാറി. വാക്കുതർക്കത്തിനിടെ, കെട്ടുനിറച്ചു നൽകാൻ ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ നിർദേശം നൽകിയെങ്കിലും അതിനു മുൻപേ യുവതികൾ സ്വന്തം നിലയിൽ കെട്ടുനിറ നടത്തി. പുലർച്ചെ അഞ്ചരയോടെ 6 പേർ ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക്; പിന്തുണയുമായി 5 പേർ.

റോഡിൽ പ്രതിഷേധം

മെറ്റൽ ഡിക്റ്റക്ടറിൽ ദേഹപരിശോധന പൂർത്തിയാക്കി മുന്നോട്ടു നീങ്ങിയപ്പോഴേക്കും നേരിട്ടതു റോഡിൽ ഇരുന്നും കിടന്നുമുള്ള പ്രതിഷേധം. അതോടെ, യുവതികളും വഴിയിൽ കുത്തിയിരുന്നു. എട്ടു മണിയോടെ യുവതികൾ പൊലീസിനോടു പ്രഭാതഭക്ഷണം ആവശ്യപ്പെട്ടു. അതിനുള്ള സൗകര്യം ഇല്ലെന്നു മറുപടി. ശബരിമല ഡ്യൂട്ടിക്ക് എത്തിയ തമിഴ്നാട് പൊലീസിലെ ശിവരഞ്ജിനിയാണു ദ്വിഭാഷിയായി പ്രവർത്തിച്ചത്. യുവതികളുമായി ചർച്ച നടത്താനും പിന്തിരിപ്പിക്കാനും ശിവരഞ്ജിനി പലതവണ ശ്രമിച്ചു. മണിക്കൂറുകൾ കഴിയുന്തോറും യുവതികൾ ക്ഷീണിച്ചു. 

അറിയിപ്പ്, അറസ്റ്റ്

പത്തു മണിക്കു നിരോധനാജ്ഞ സംബന്ധിച്ച് അറിയിപ്പ് നൽകി ഒരു മണിക്കൂറിനു ശേഷമാണു പൊലീസ് അറസ്റ്റിലേക്കു നീങ്ങിയത്. കുട്ടികളെ സമര മുഖത്തു നിന്നു മാറ്റാൻ പൊലീസ് സമയം നൽകി. തുടർന്ന് സന്നിധാനത്തേക്കുള്ള വഴികൾ പൂർണമായും അടച്ചശേഷം, പ്രതിഷേധിച്ചു കുത്തിയിരുന്ന ഓരോരുത്തരെയായി പൊലീസ് വാഹനത്തിൽ കയറ്റി. 10 പേരെ കസ്റ്റഡിയിലെടുത്തു. 

manithi-members-3 ശബരിമല ദർശനത്തിനായി ഇന്നലെ വൈകിട്ട് പത്തനംതിട്ട വരെ എത്തിയ തമിഴ്നാട് സ്വദേശിനികളെ പൊലീസ് വാഹനത്തിൽ മടക്കി അയക്കുന്നു.

വഴി തുറന്നു, അടഞ്ഞു

തടസ്സം നീങ്ങി യാത്ര തുടർന്ന യുവതികൾ 10 മീറ്റർ പിന്നിടുമ്പോഴേക്കും അടുത്ത പ്രതിഷേധം. പൊലീസ് ബലപ്രയോഗത്തിലൂടെ വഴിയൊരുക്കുമെന്നു മനിതി സംഘം കരുതിയെങ്കിലും മറിച്ചാണു സംഭവിച്ചത്. ചെളിക്കുഴിയിൽ തീർഥാടകരെ തടഞ്ഞുനിർത്തിയിരുന്ന പൊലീസ് പെട്ടെന്നു മാറി. കുതിച്ചെത്തുന്ന നൂറുകണക്കിനു പേരെ കണ്ട് യുവതികൾ ജീവനും കൊണ്ട് ഓടുന്ന കാഴ്ച. റിസർവ് ബറ്റാലിയൻ സുരക്ഷ ഒരുക്കിയതു കൊണ്ടു കയ്യേറ്റം ഒഴിവായി. പമ്പ പൊലീസ് കൺട്രോൾ റൂമിൽ എത്തിച്ച മനിതി സംഘത്തിന് വന്ന വാനിൽ തന്നെ മടക്കം.

‘മനിതി’ വാൻ പമ്പ വരെ

സ്വകാര്യ വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമേ അനുവദിക്കൂ എന്നു പറയുന്ന പൊലീസ് ‘മനിതി’ അംഗങ്ങളുടെ വാൻ പമ്പയിലേക്കു കടത്തിവിട്ടതിന്റെ പേരിൽ വിമർശനം. പൊലീസ് വാഹനം അകമ്പടി പോകുകയും ചെയ്തു. അതേസമയം, അതിർത്തി മുതലുണ്ടായിരുന്ന പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാനായിരുന്നു ഇളവെന്നു പൊലീസ് അനൗദ്യോഗികമായി പറയുന്നു. പമ്പയിലേക്കുള്ള യാത്രയ്ക്കിടെ ഇൗരാറ്റുപേട്ട ആനയിളപ്പിൽ വാഹനം തടഞ്ഞതിനു കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തു.