Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടം വർധിക്കുന്നു; മൂന്നുപേർ ചേർന്നുള്ള ബൈക്ക് യാത്രയ്ക്കെതിരെ ഡിജിപി

Representative Image Representative Image

തിരുവനന്തപുരം∙ ബൈക്കുകളിൽ മൂന്നുപേർ ചേർന്നുള്ള യാത്ര അപകടങ്ങൾ വർധിക്കുന്നതിനു കാരണമാകുന്നതിനാൽ അവ തടയാൻ നിയമനടപടി ശക്തമാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. നഗരപ്രദേശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഇത്തരം പ്രവണത കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമപരമായി അനുവദനീയമല്ലാത്ത ഈ ട്രിപ്പിൾ റൈഡിങ് നടത്തുന്നവരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. ഇത്തരം യാത്ര അവർക്കു മാത്രമല്ല, കാൽനട യാത്രക്കാർക്കും മറ്റു വാഹനയാത്രികർക്കും അപകടമുണ്ടാക്കുന്നു. ഇത്തരത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങൾ യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ട് കടന്നുകളയുന്ന സംഭവങ്ങളും  വർധിച്ചുവരുന്നു.  അതിനാൽ റോഡു സുരക്ഷ മുൻനിർത്തി ഇത്തരം യാത്രകൾ ഒഴിവാക്കണമെന്നു ബെഹ്റ അഭ്യർഥിച്ചു.

ഇത്തരം നിയമവിരുദ്ധ യാത്രക്കാരെ കണ്ടെത്തുന്നതിനുളള പരിശോധനകൾ സുരക്ഷിതമായ രീതിയിലാവണം നടത്തേണ്ടത്. മാത്രമല്ല, ഇതുപോലുള്ള പ്രവണതകൾ നിരുത്സാഹപ്പെടുത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇത്തരം പരിശോധനകളുടെ ലക്ഷ്യം. പരിശോധനാ വേളയിൽ മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തണമെന്നും  ജില്ലാ പോലീസ് മേധാവികൾക്കും ബന്ധപ്പെട്ട മറ്റ്് പോലീസ് ഉദ്യോഗസ്ഥർക്കും ബെഹ്റ നിർദേശം നല്കി.