Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനാകില്ല, ജഡ്ജിമാർക്കിടയിൽ വിശ്വാസം നഷ്ടപ്പെട്ടു: ഫാലി എസ്. നരിമാൻ

Supreme Court of India

ന്യൂഡൽഹി∙ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ‘മാസ്റ്റർ ഒാഫ് ദ റോസ്റ്റർ’ ആണെന്നും അദ്ദേഹം ഈ ചുമതല നിർവഹിക്കുന്ന കാര്യത്തിൽ ഒരിക്കലും അദ്ദേഹത്തെ പാർലമെന്റിൽ ഇംപീച്ച് ചെയ്യാനാവില്ലെന്നും സുപ്രീംകോടതിയിലെ തലമുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ. പണം മോഷ്ടിച്ചുവെന്നോ മറ്റെന്തെങ്കിലും പറഞ്ഞോ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റിനു നീക്കം നടത്താം. പക്ഷേ, മാസ്റ്റർ ഒാഫ് ദ റോസ്റ്ററിനു പറ്റില്ല. കാരണം ചീഫ് ജസ്റ്റിസിന്റെ ചുമതലയാണ് ഏതു ബഞ്ചിൽ ഏതു കേസ് വരണം എന്നു തീരുമാനിക്കേണ്ടത്.

1935ൽ സർക്കാൻ കൊണ്ടു വന്ന പുതിയ നിയമം ഇക്കാര്യം സ്പഷ്ടമാക്കുന്നുണ്ടെന്നു നരിമാൻ ചൂണ്ടിക്കാട്ടി. ഒരു പ്രമുഖ ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിലാണു നരിമാൻ ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതിയിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ഇതുവരെ നരിമാൻ ഒരഭിപ്രായവും പറഞ്ഞിരുന്നില്ല.

ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും തമ്മിലുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടിരിക്കയാണെന്നു നരിമാൻ ചൂണ്ടിക്കാട്ടി. തന്റെ 67 വർഷത്തെ ഒൗദ്യോഗിക ജീവിതത്തിനിടയിൽ ഇതുപോലെ ഒരു സ്ഥിതിവിശേഷം കണ്ടിട്ടില്ല. സഹിഷ്ണുതയുടെ നെല്ലിപ്പലക കണ്ടിരിക്കയാണ്. അഭിഭാഷകരും ജഡ്ജിമാരും എല്ലാവരും ഇതിനു കാരണക്കാരാണ്. യോജിച്ച പ്രവർത്തനം – കൊളീജിയാലിറ്റി– ഒരു കോടതിയിലും ബെഞ്ചിലും ആവശ്യമാണ്. 1972ലാണു താൻ ഡൽഹിയിലേക്കു വന്നത്. ഇതിനകം 32 ചീഫ് ജസ്റ്റിസുമാരെ കണ്ടു കഴിഞ്ഞു. ഇതുവരെ ഇതുപോലെ ഒരു സ്ഥിതി കണ്ടിട്ടില്ല– നരിമാൻ പറയുന്നു.

ഈ നില തുടരുകയാണെങ്കിൽ 1973–ൽ കേശവാനന്ദ ഭാരതി കേസിലെ വിധിയുടെ അവസാനമാണെന്നു കരുതേണ്ടി വരും– നരിമാൻ മുന്നറിയിപ്പു നൽകി. കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതിയിലെ ജസ്റ്റിസുമാർ 7–6 എന്ന നിലയ്ക്കാണു വിധി പറഞ്ഞത് എന്നോർക്കണം. ഏഴു പേർ അനുകൂലിച്ചപ്പോൾ ആറു പേർ എതിർത്തു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ഒരു സർക്കാരിനും ഏതു ലക്ഷ്യത്തോടെയായാലും തിരുത്താനാവില്ല എന്നായിരുന്നു വിധി. അതു തുടക്കമായിരുന്നുവെങ്കിൽ ഇപ്പോൾ അതിന്റെ അവസാനമാണു കാണുന്നത് എന്നു പറയേണ്ടി വരും– നരിമാൻ ഒാർമിപ്പിക്കുന്നു.

സുപ്രീംകോടതിയിലെ നാലു ജസ്റ്റിസുമാർ ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയതിനോടു നരിമാൻ യോജിക്കുന്നില്ല. അവർ അതു സ്വകാര്യമായി ചീഫ് ജസ്റ്റിസിനോടു ചർച്ച ചെയ്യുകയായിരുന്നു വേണ്ടത്– അല്ലാതെ പരസ്യ പ്രകടനം നടത്തുകയല്ല ചെയ്യേണ്ടിയിരുന്നത്. അല്ലെങ്കിൽ അവർ ചീഫ് ജസ്റ്റിസ് വിരമിക്കുന്നതു വരെ കാത്തിരിക്കണമായിരുന്നു. ഭാഗ്യവശാൽ ചീഫ് ജസ്റ്റിസ് 65 വയസ്സിൽ വിരമിക്കും– കാലാവധി നീട്ടാൻ വ്യവസ്ഥയില്ല– നരിമാൻ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് രഞ്ജൻ ഗോഗോയി തന്നെ ആയിരിക്കും അടുത്ത ചീഫ് ജസ്റ്റിസ് എന്നും നരിമാൻ കരുതുന്നു. അദ്ദേഹത്തെ നിയമിക്കാതെ സർക്കാർ അത്രയും വലിയ വിഡ്ഢിത്തം കാണിക്കുമെന്നു തോന്നുന്നില്ല. നിലവിലുള്ള ചീഫ് ജസ്റ്റിസ് അടുത്തത് ആരാണെന്നു ശുപാർശ ചെയ്യുക എന്നതായിരുന്നു പതിവ്. എന്നാൽ അടിയന്തിരാവസ്ഥക്കാലത്ത് അതു ലംഘിച്ചു. അന്നത്തെ ചീഫ് ജസ്റ്റിസ് എ.എൻ. റേ ജസ്റ്റിസ് എച്ച്.ആർ. ഖന്നയെ ശുപാർശ ചെയ്യുന്നതിനു പകരം ജസ്റ്റിസ് എം.എച്ച്. ബെഗിന്റെ പേരാണു നൽകിയത്.

കേന്ദ്രത്തിൽ ഭൂരിപക്ഷ സർക്കാരുകൾ ഭരിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് എന്നും നരിമാൻ പറയുന്നു. കേന്ദ്രത്തിൽ ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത സർക്കാരുകൾ ഭരിക്കുമ്പോൾ ഇങ്ങനെ സംഭവിക്കാറില്ല–നരിമാൻ എടുത്തു കാട്ടുന്നു.  

related stories