Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാറിന്റെ വിജയം സ്മാർട്ട് കാർഡ് ലോബിക്കും ഗൂഗിളിനും ദഹിക്കില്ല: യുഐഡിഎഐ

Aadhar Card

ന്യൂ‍ഡൽഹി∙ സമ്പൂർണ തിരിച്ചറിയൽ രേഖയെന്ന നിലയിൽ ആധാർ വിജയമാകുന്നതിൽ ഗൂഗിൾ, സ്മാർട്ട് കാർഡ് ലോബി തുടങ്ങിയവയ്ക്ക് കടുത്ത എതിർപ്പുണ്ടെന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) സുപ്രീംകോടതിയിൽ. തെറ്റുകുറ്റങ്ങളില്ലാത്ത സമ്പൂർണ തിരിച്ചറിയൽ രേഖയായി ആധാർ മാറുന്നതോടെ പ്രസക്തി നഷ്ടമാകുമെന്ന ഭയമാണ് എതിർപ്പിനു പിന്നിലെന്നും യുഐഡിഎഐ വ്യക്തമാക്കി.

ആധാർ വിഷയം പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു മുൻപാകെയാണ് യുഐഡിഎഐ നിലപാട് അറിയിച്ചത്. ആധാർ കാർഡുകൾ യൂറോപ്പ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യാവസായിക സംരംഭമായ സ്മാർട്ട് കാർഡുകൾ പോലെ വേണമെന്ന് ആവശ്യപ്പെട്ട് ഒരു കാംപെയിൻ പോലും നടന്നതായി യുഐഡിഎഐയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി ചൂണ്ടിക്കാട്ടി.

ആധാർ കാർഡുകൾ വിജയമായി മാറിയാൽ ഇത്തരം സ്മാർട്ട് കാർഡുകൾക്ക് പ്രസക്തി നഷ്ടമാകും. ആധാർ വിജയമാകരുതെന്ന് ഗൂഗിളും ആഗ്രഹിക്കുന്നു. സ്മാർട്ട് കാർഡ് ലോബിയുടെയും ആഗ്രഹം മറ്റൊന്നല്ല. ആധാറിനെതിരായ എല്ലാ ആരോപണങ്ങൾക്കും കാരണം ഇത്തരം സ്ഥാപിത താൽപര്യങ്ങളാണ് – യുഐഡിഎഐ സുപ്രീംകോടതിയെ ബോധിപ്പിച്ചു. ആധാർ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമല്ലാത്തതിനാൽ ഡേറ്റാ മോഷണവും സാധ്യമല്ലെന്ന് യുഐഡിഎഐ ചൂണ്ടിക്കാട്ടി.

പൗരൻമാരുടെ വിവരങ്ങൾ യുഐഎഡിഎഐ സൂക്ഷിക്കുന്നതിനു പകരം ആവശ്യമായ വിവരങ്ങളെല്ലാം ചേർത്ത് ‘സ്വൈപ്’ ചെയ്യാൻ പാകത്തിന് ആധാർ കാർഡ് സ്മാർട്ട് കാർഡു പോലെയാക്കണമെന്ന് ഒരു വിഭാഗം ആളുകൾ ഹർജി നൽകിയിരുന്നു. ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഇവർ ഉദാഹരണമായും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ആധാർ വിജയമാകുന്നത് യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ട് കാർഡ് ലോബിക്കും ഗൂഗിളിനും ‘സുഖിക്കില്ലെ’ന്ന യുഐഡിഎഐയുടെ വിശദീകരണം.

ഇതിനിടെ, ആധാർ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്നും ഭരണഘടനാ ബെഞ്ച് ദ്വിവേദിയോടു ചോദിച്ചു. സമൂഹ മാധ്യമങ്ങളിലെ വ്യക്തിവിവരങ്ങൾ ചോർത്തി ജനാധിപത്യ വ്യവസ്ഥിതിയിലെ തിരഞ്ഞെടുപ്പുകളെ പോലും സ്വാധീനിക്കാൻ ശ്രമം നടന്നതായി ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല. കണ്ണടയ്ക്കാനുമാകില്ല. ആധാറുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന ഉത്തരവ്, ഒട്ടേറെ തലമുറകളിലുള്ള പൗരൻമാരെ ബാധിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കേംബിജ് അനലിറ്റിക്ക വിഷയം ആധാറുമായി കൂട്ടക്കലർത്തരുതെന്നായിരുന്നു ദ്വിവേദിയുടെ മറുപടി. കേംബ്രിജ് അനലിറ്റിക്കയെപ്പോലെ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ആധാർ ആശ്രയിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇതു ഞാനാണ്’ എന്ന് തിരിച്ചറിയാനുള്ള ലളിതമായ തത്വത്തിലാണ് ആധാർ അടിസ്ഥാനമിട്ടിരിക്കുന്നതെന്നും ദ്വിവേദി പറഞ്ഞു.

ആധാർ വിവരങ്ങൾ അണുബോംബ് പോലെയാണെന്ന അനാവശ്യ ഭയം വളരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അണുബോംബ് പോലെ ഏതു നിമിഷവും ഈ വിവരങ്ങളും പൊട്ടിത്തെറിച്ചേക്കാമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇതിന് വസ്തുതയുമായി പുലബന്ധമില്ല. ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആധാർ വിവരങ്ങൾ സൂക്ഷിക്കാൻ ഏർപ്പെടുത്തിയിരിക്കുന്നത്. ആധാർ വിവരങ്ങൾ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ ഓൺലൈൻ ചോർച്ചയ്ക്കും സാധ്യതയില്ല. ആധാർ വിവരങ്ങൾ ആർക്കും ചോർത്താനാവില്ലെന്നും യുഐഡിഎഐ വ്യക്തമാക്കി.

related stories