Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിബിസിയിലും വാർത്തയായി കേരളത്തിലെ ‘വവ്വാൽ ക്ലിക്’; താരമായി വിഷ്ണു

special-wedding-photo സമൂഹമാധ്യമത്തിൽ വൈറലായ വിഷ്ണുവിന്റെ ‘വവ്വാൽ ഷോട്ട്’

ലണ്ടൻ∙ സമൂഹമാധ്യമങ്ങളിൽ വൈറലായ മലയാളി ഫൊട്ടോഗ്രഫറുടെ ‘വവ്വാൽ ക്ലിക്’  ബിബിസിയിലും വാർത്തയായി. നവവധൂവരന്മാരുടെ വ്യത്യസ്തചിത്രമെടുക്കാൻ വവ്വാലുപോലെ മരത്തിൽ കാമറയുമായി തൂങ്ങിക്കിടക്കുന്ന ഫൊട്ടോഗ്രഫറുടെ അഭ്യാസപ്രകടനമായിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ആദ്യം ചിലരൊക്കെ വിമർശനവുമായി രംഗത്തെത്തിയെങ്കിലും പിന്നീട് ഫൊട്ടോഗ്രഫറുടെ ഐഡിയയും ആത്മാർഥതയെയും പുകഴ്ത്തി പലരും കമന്റുകൾ ഇട്ടതോടെ സംഗതി മാറി. ദിവസങ്ങൾക്കുള്ളിൽ ഫൊട്ടോഗ്രഫിയിലെ ഈ നാടൻ ഡ്രോൺ പ്രയോഗം ലോകമെങ്ങും പരന്നു. 

photographer-vishnu വിഷ്ണു

ഇതുവരെ കണ്ടിട്ടുള്ള ഫൊട്ടോഗ്രഫർമാരിൽ ഏറ്റവും അർപ്പണബോധമുള്ളയാൾ എന്ന വിശേഷണത്തോടെയാണ് ഫൊട്ടാഗ്രഫറുടെ അഭ്യാസം ബിബിസി വാർത്തയാക്കിയത്. ചിത്രമെടുക്കുന്നതിന്റെ വിഡിയോയും വാർത്തയോടൊപ്പം നൽകി. ഇതോടെ ഫൊട്ടോഗ്രഫറും നവദമ്പതിമാരും ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. 

bbc-story-on-vishnu വിഷ്ണുവിനെക്കുറിച്ച് ബിബിസിയിൽ വന്ന വാർത്തയുടെ സ്ക്രീൻഷോട്ട്.

മരക്കൊമ്പിൽ കാലുമടക്കി തൂങ്ങിക്കിടന്ന് ഇരുവരും മുകളിലേക്കു നോക്കുന്ന ചിത്രമെടുത്തശേഷം ക്യാമറ അവരെയേൽപിച്ച് സുരക്ഷിതമായി തൂങ്ങിയിറങ്ങുന്നതാണ് ദൃശ്യം. ട്വിറ്ററിലും ഫെയ്സ്ബുക്കിലും വാട്സാപ്പിലുമായി പ്രചരിച്ച വവ്വാൽ ഷോട്ടിന്റെ  വിഡിയോയും ഫോട്ടോയും മൂവായിരത്തിലധികം തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. പതിനായിരത്തോളം ലൈക്കുകളും നൂറുകണക്കിന് ഷെയറുകളും ഇതിനകം ലഭിച്ചുകഴിഞ്ഞു. 

തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകര വില്ലേജിൽനിന്നുള്ള ദമ്പതികളാണ് ‘അക്രോബാറ്റിക് ഫൊട്ടോഗ്രഫ’റുടെ സാഹസിക പ്രകടനം മൂലം ലോകശ്രദ്ധനേടിയത്. ഏപ്രിൽ 15നായിരുന്നു ഇവരുടെ വിവാഹവും ഫോട്ടോഗ്രാഫറായ വിഷ്ണുവിന്റെ ഊഞ്ഞാൽ പ്രകടനവും ഇതിനു മുമ്പും മികച്ച ചിത്രങ്ങൾക്കായി മരക്കൊമ്പിൽ കയറിയിട്ടുണ്ടെന്ന് വിഷ്ണുതന്നെ ബിബിസിയോട് വെളിപ്പെടുത്തി.