Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിഗ മരിച്ചത് ശ്വാസംമുട്ടിയാകാമെന്ന് ഡോക്ടര്‍മാര്‍; കൊലപാതക സാധ്യത തള്ളാതെ പൊലീസ്

liga-missing.jpg.image.470.246

തിരുവനന്തപുരം∙ വിദേശ വനിത ലിഗ മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മരണം ശ്വാസംമുട്ടിയാകാമെന്നു ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ അന്തിമ നിഗമനം രണ്ടു ദിവസത്തിനകം അറിയിക്കാമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. മാനഭംഗം നടന്നിട്ടില്ലെന്നും നിഗമനമുണ്ട്. പുതിയ സാഹചര്യത്തില്‍ കൊലപാതക സാധ്യത തള്ളാതെ പൊലീസ് അന്വേഷണം തുടങ്ങി.

മൃതദേഹം കണ്ടെത്തി ആറ് ദിവസമാകുമ്പോഴും ദുരൂഹതകള്‍ നീക്കാനാവാതെ അന്വേഷണസംഘം വലയുകയാണ്. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള പരിശോധനാഫലങ്ങള്‍ വൈകുന്നതാണു പ്രധാന കാരണം. കേസില്‍ നിര്‍ണായകമാകുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിക്കുമെന്നാണു പ്രതീക്ഷ.

ലിഗ ആത്മഹത്യ ചെയ്തിരിക്കാമെന്നു പൊലീസ് കണക്കുകൂട്ടുമ്പോള്‍ കൊലപാതകമെന്നാണു കുടുംബത്തിന്റെ ആരോപണം. അതിനു പ്രധാനമായും മൂന്നു സംശയങ്ങളാണ് ഉന്നയിക്കുന്നത്.

∙ നാട്ടുകാര്‍ പോലും പോകാത്ത കണ്ടല്‍ക്കാടിനുള്ളില്‍ സ്ഥലപരിചയമൊട്ടുമില്ലാത്ത ലിഗ എങ്ങനെയെത്തി. വിശ്വാസം നടിച്ച് ആരെങ്കിലും കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം.

∙ ലിഗയെ കാണാതാകുമ്പോള്‍ ധരിച്ചിട്ടില്ലാത്ത ജാക്കറ്റ് മൃതദേഹത്തില്‍ എങ്ങനെ വന്നു.

∙ മൃതദേഹത്തിന്റെ കഴുത്ത് വേര്‍പ്പെട്ടത് എങ്ങനെ...?

ഈ സംശയങ്ങളുടെ ഉത്തരം തേടിയാണു പൊലീസിന്റെയും അന്വേഷണം. ലിഗ ഓട്ടോയിലെത്തിയ കോവളം ബീച്ചില്‍നിന്ന് അരമണിക്കൂർകൊണ്ടു നടന്നും വള്ളത്തിലൂടെയും മൃതദേഹം കണ്ടെത്തിയ കാട്ടിലെത്താനാവുമെന്ന് പൊലീസ് പറയുന്നു.

ഇങ്ങനെ ചില ടൂറിസ്റ്റുകള്‍ വരാറുണ്ടെന്നും വിഷാദരോഗമുള്ള ലിഗ ആത്മഹത്യ ചെയ്യാനുറച്ച് ഇവിടെയെത്തിയിരിക്കാമെന്നും പൊലീസ് വിലയിരുത്തുന്നു. മൃതദേഹത്തില്‍ കണ്ട ജാക്കറ്റില്‍ മെയ്ഡ് ഇന്‍ ചൈന എന്നെഴുതിയിട്ടുണ്ട്. അത്തരം ജാക്കറ്റുകള്‍ കോവളത്തെ ഒട്ടേറെ കടകളിലുണ്ട്. ഓട്ടോയിലെത്തിയശേഷം ലിഗ വാങ്ങിയിട്ടുണ്ടാകാമെന്നും അത് അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു. മൃതദേഹത്തിന്റെ കാലപ്പഴക്കം മൂലം ശരീരം അഴുകിയാണു തല വേര്‍പ്പെട്ടത്. മുറിഞ്ഞതല്ലെന്നു പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അറിയിച്ചതിനാല്‍ അതില്‍ ദുരൂഹതയില്ല. സംശയങ്ങളും വിലയിരുത്തലുകളും ഇങ്ങനെ നീളുമ്പോള്‍ ഉത്തരം ലഭിക്കേണ്ടതു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ്. ശരീരം പകുതിയിലേറെയും അഴുകിയതിനാല്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ മരണകാരണം കൃത്യമായി അറിയാനാകുമോയെന്നും ആശങ്കയുണ്ട്.