Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവുനായ വന്ധ്യംകരണം: മൊബൈൽ സർജറി യൂണിറ്റുമായി കുടുംബശ്രീ

stray-dog-1

തിരുവനന്തപുരം ∙ തെരുവുനായകളെ വന്ധ്യംകരിക്കാൻ മൊബൈൽ സർജറി യൂണിറ്റുമായി കുടുംബശ്രീ. തെരുവിൽനിന്നു പിടികൂടുന്ന നായ്ക്കളെ വാഹനത്തിൽ ഒരുക്കിയ ഓപറേഷൻ തിയറ്ററിൽവച്ചു വന്ധ്യംകരണ ശസ്ത്രക്രിയ നടത്തും. സമീപത്തുള്ള മൃഗാശുപത്രിയിൽ തുടർപരിചരണം നൽകി പിടികൂടിയ സ്ഥലത്തുതന്നെ തിരികെ വിടും.

മുദാക്കൽ പഞ്ചായത്തിലെ കുടുംബശ്രീ സംരംഭകരായ ടി.ജി. രജനി, ജീവശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ മൊബൈൽ സർജറി യൂണിറ്റ് തുടങ്ങിയത്. സംരംഭം തുടങ്ങാൻ ഇന്നവേഷൻ ഫണ്ടായി കുടുംബശ്രീ മൂന്നര ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് മൂന്നു ലക്ഷം രൂപയും നൽകിയിരുന്നു. 10 ലക്ഷം രൂപ ബാങ്ക് വായ്‌പയും എടുത്ത് വാഹനം വാങ്ങി അതിൽ ഓപറേഷൻ തിയേറ്റർ അടക്കമുള്ളവ ഒരുക്കി. ഓപറേഷൻ ടേബിൾ, ശസ്‌ത്രക്രിയാ ഉപകരണങ്ങൾ, ഓട്ടോക്‌ളേവ്, ഫ്രിഡ്‌ജ്, അലമാര, വാട്ടർ ടാങ്ക്, വയറിങ്ങ് ഉൾപ്പെടെ എല്ലാ സൗകര്യവും വാഹനത്തിലുണ്ട്. ശസ്‌ത്രക്രിയ ചെയ്യാനായി കുടുംബശ്രീ എംപാനൽ ചെയ്‌ത വിദഗ്‌ധ ഡോക്‌ടർമാരും രണ്ടു മെഡിക്കൽ അസിസ്റ്റന്റ്‌മാരും വാഹനത്തെ അനുഗമിക്കും. ഇതുവരെ മുപ്പതോളം നായ്ക്കൾക്ക് മൊബൈൽ യൂണിറ്റിൽ ശസ്ത്രക്രിയ പൂർത്തിയാക്കി. ഇതു സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു.

കഴിഞ്ഞ വർഷം കുടുംബശ്രീയുടെ നേതൃത്വത്തിൽ  തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിൽ തെരുവുനായ നിയന്ത്രണ പദ്ധതി ആരംഭിച്ചിരുന്നു.  ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളിൽ അടുത്ത മാസം പദ്ധതി തുടങ്ങും.  കുടുംബശ്രീയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം  സംസ്ഥാനത്ത് 13320  തെരുവുനായ്‌ക്കളെ പിടികൂടി വന്ധ്യംകരിച്ച് ശസ്‌ത്രക്രിയാനന്തര പരിചരണവും നൽകി വിട്ടയച്ചു.

related stories