Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

70 വര്‍ഷമായി വായു മാത്രം ഭക്ഷിച്ച് ജാനി; മോദി അനുഗ്രഹം തേടുന്ന യോഗി

prahlad-jani പ്രഹ്ലാദ് ജാനി. ചിത്രം: ട്വിറ്റർ

മെഹ്സാന (ഗുജറാത്ത്)∙ ദാഹിച്ചാൽ കുടിക്കണം, വിശന്നാൽ കഴിക്കണം, ശ്വസിക്കാൻ വായു വേണം. പൊതുവെ മനുഷ്യരുടെ ജീവിതം ഇങ്ങനെയാണ്. എന്നാൽ, അന്നവും വെള്ളവും അധികപ്പറ്റാണ് 88കാരൻ പ്രഹ്ലാദ് ജാനിക്ക്. 70 വര്‍ഷമായി വെള്ളം കുടിക്കാതെയും ആഹാരം കഴിക്കാതെയുമാണു ഇദ്ദേഹത്തിന്റെ ജീവിതം !

രാജ്യാന്തര സമൂഹം ‘ശ്വാസാഹാരി’ എന്നു വിശേഷിപ്പിക്കുന്ന ഇദ്ദേഹം ഗുജറാത്ത് മെഹ്‌സാനയിലെ ചരോഡ് ഗ്രാമക്കാരനായ യോഗിയാണ്. ചുവന്ന പട്ടു ധരിക്കുന്ന ജാനിയെ 'മാതാജി' എന്നാണു വിശ്വാസികൾ വിളിക്കുന്നത്. ഈ സിദ്ധിയെ കുറിച്ചു കേട്ടെത്തിയ ലോക ശാസ്ത്രജ്ഞര്‍ക്കും ജാനിയുടെ ജീവിതരഹസ്യം കണ്ടെത്താനായില്ല. മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ.അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ളവര്‍ ജാനിയിൽ പഠനം നടത്തിയിട്ടുണ്ട്.

ശ്വാസം മാത്രം കഴിച്ച് ഒരാൾക്ക് ഇത്രയും കാലം ജീവിക്കാനാകുമോ എന്ന സംശയത്താൽ ഇദ്ദേഹത്തിന്റെ ആശ്രമത്തിലെ ചെടികളെക്കുറിച്ചും പഠനം നടന്നിരുന്നു. പ്രത്യേകതയൊന്നും കണ്ടെത്താനായില്ല. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ, ശരീര ശാസ്ത്രവും അനുബന്ധങ്ങളും നിരീക്ഷിക്കുന്ന ഡിഐപിഎഎസ് എന്നിവർ 2010ല്‍ പ്രഹ്‌ളാദ് ജാനിയില്‍ വിശദപഠനം നടത്തി. 15 ദിവസത്തേക്കു യോഗിയുടെ മുഴുവൻ ജീവിതവും ക്യാമറയില്‍ നിരീക്ഷിച്ചായിരുന്നു പഠനം.

ഇടവിട്ടുള്ള ആരോഗ്യ പരിശോധനയ്ക്കു പുറമേ ബയോകെമിക്കൽ, റേഡിയോളജിക്കൽ പരിശോധനകളും നടത്തി. എംആര്‍ഐ, അള്‍ട്രാസൗണ്ട്, എക്‌സ്‌റേ, സൂര്യന് കീഴെ നിര്‍ത്തുക തുടങ്ങി പല പരീക്ഷണങ്ങളും ചെയ്തു. ഈ ദിവസമത്രയും അദ്ദേഹം അന്നമോ വെള്ളമോ ഭക്ഷിച്ചില്ല. ശ്വാസം മാത്രമാണ് അകത്തേക്കെടുത്തത്. യോഗയിലൂടെയും ധ്യാനത്തിലൂടെയുമാണ് താൻ ജീവിക്കാനുള്ള ഊർജം നേടുന്നതെന്നാണു ജാനി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ സാധാരണക്കാർ വരെ ജാനിയുടെ അനുഗ്രഹം തേടി ആശ്രമത്തിൽ എത്താറുണ്ട്.