Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി പ്രധാനമന്ത്രിയെ കാണാൻ പോകുന്നതിനു മറ്റ് ഉദ്ദേശ്യങ്ങൾ കാണും: രാജഗോപാൽ

o-rajagopal-bjp

തിരുവനന്തപുരം ∙ ഡൽഹിയിൽ പാർട്ടി യോഗത്തിനു പോകുമ്പോഴൊക്കെ പ്രധാനമന്ത്രിയെ കയറി കണ്ടേക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നതിനു പിന്നിൽ മറ്റു പല ഉദ്ദേശ്യങ്ങളും കാണുമെന്ന് ഒ. രാജഗോപാൽ എംഎൽഎ. യാത്ര ഔദ്യോഗികമാക്കുന്നതു കൊണ്ട് ഗുണവും ഉണ്ടാകും. പക്ഷേ അതിനു പ്രധാനമന്ത്രി നിന്നു തരണമെന്നു ചിന്തിക്കുന്നിടത്താണു പ്രശ്നം. ഇഷ്ടമുള്ളപ്പോൾ ഓടിച്ചെന്നു കുശാലാന്വേഷണം നടത്താവുന്ന സ്ഥാനമല്ല പ്രധാനമന്ത്രിയുടേതെന്നും രാജഗോപാൽ പറഞ്ഞു. കേരളത്തോടുള്ള പ്രധാനമന്ത്രിയുടെ അവഗണനയെ നിസ്സാരമായി കാണില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോദി സർക്കാരിനു കേരളത്തോടു രാഷ്ട്രീയ വിരോധമാണെന്ന പിണറായി വിജയന്റെ പ്രസ്താവന അടിസ്ഥാനമില്ലാത്തതാണ്. പിണറായിയുടെ മോദിവിരോധം മാത്രമാണ് പ്രസ്താവനയ്ക്കു പിന്നിൽ. കേരളത്തോട് എന്തു വിരോധമാണു കേന്ദ്ര സർക്കാർ കാട്ടിയതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്വന്തം പാർട്ടിയിലെ പ്രധാനമന്ത്രിയെ കാണാൻ മൂന്നു നാലു ദിവസം ഡൽഹിയിൽ തങ്ങേണ്ടി വന്ന അനുഭവം മുന്നിലുണ്ട്. ‍‍

കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കുന്ന വിഷയം വകുപ്പുമന്ത്രിക്കു കൈകാര്യം ചെയ്യാനുള്ളതേയുള്ളൂ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. സഹപ്രവർത്തകരുടെ കാര്യപ്രാപ്തിയിലുള്ള പ്രധാനമന്ത്രിയുടെ വിശ്വാസമാണ് അതു തെളിയിക്കുന്നത്. കേരളത്തിനാവശ്യമായ കാര്യം സാധിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ മുഖ്യമന്ത്രി കേന്ദ്ര ഭക്ഷ്യമന്ത്രിയെ കാണണമായിരുന്നു. ചുരുങ്ങിയ പക്ഷം, മുഖ്യമന്ത്രിക്കു മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ  ഉപദേശമെങ്കിലും ഇക്കാര്യത്തിൽ തേടാമായിരുന്നു. പിണറായി മോദി വിരുദ്ധ പ്രസ്താവന നടത്തുമ്പോൾ വിഎസ് കേന്ദ്ര റയിൽമന്ത്രി പീയുഷ് ഗോയലുമായി ചർച്ച നടത്തി പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ അനുകൂല നിലപാട് എടുപ്പിക്കുകയായിരുന്നു. 

ഡൽഹിയിലില്ലായിരുന്ന കേന്ദ്രമന്ത്രി വിഎസിനെ കാണാൻ മാത്രം അവിടെയെത്തി എന്നത് കേന്ദ്രം കേരളത്തോടു കാണിക്കുന്ന വിരോധമാണോ സ്നേഹമാണോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി കേന്ദ്ര വിരോധ പ്രസ്താവന നടത്തുന്ന ദിവസം തിരുവനന്തപുരത്തു ശ്രീചിത്രയിൽ മറ്റൊരു കേന്ദ്ര മന്ത്രി 600 ലധികം കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും രാജഗോപാൽ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പോയത് കേന്ദ്രവിരുദ്ധ സമരം സംഘടിപ്പിക്കാൻ വേണ്ടിയുള്ള സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണെന്നും ആ സമയത്ത് പ്രധാനമന്ത്രിയെ കാണാൻ വേണ്ടി ഒരു കത്തു കൊടുത്തതേയുള്ളുവെന്നും ഒ.രാജഗോപാൽ എംഎൽഎ കൊല്ലത്തു പറ‍ഞ്ഞു. സ്ഥിരതയുള്ള മോദി സർക്കാർ നാലു വർഷമായി കേന്ദ്രം ഭരിക്കുന്നു. മോദിവിരുദ്ധ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള കോൺഗ്രസിനെ കൂട്ടുപിടിച്ച് ഭരണത്തെ മറിച്ചിടാൻ വേണ്ടി, തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നടത്തുന്ന ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടേതെന്നും രാജഗോപാൽ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയെയല്ല ആരെയും കാണാൻ തയാറുള്ള ആളാണ് പ്രധാനമന്ത്രി. അദ്ദേഹം ചെറിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല, വിശാലമായ ഭാരതത്തിന്റെ പ്രധാനമന്ത്രിയാണ്. സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാൻ പോകുന്ന കാര്യം നിയമസഭയിൽ പ്രാതിനിധ്യമുള്ള കക്ഷിയായ ബിജെപി അറിഞ്ഞിട്ടില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി നിർത്തിവയ്ക്കാൻ ഉദ്ദേശ്യമില്ലെന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ അറിയിച്ചിട്ടുണ്ട്. കാര്യങ്ങൾ അച്യുതാനന്ദനു ബോധ്യപ്പെട്ടുവെങ്കിലും പിണറായിക്കു ബോധ്യപ്പെട്ടിട്ടില്ലെന്നും രാജഗോപാൽ പറഞ്ഞു.

related stories