Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളമെടുക്കാൻ പോയ മൂന്നുവയസ്സുകാരൻ അമ്മയുടെ കണ്മുന്നിൽ ട്രെയിനിടിച്ചു മരിച്ചു

Kasergode-Train-Accident ട്രെയിനപകടത്തിൽ മരിച്ച ബിലാൽ, പരുക്കേറ്റ സഹോദരൻ ഇസ്മായിൽ.

കാസർകോട്∙ അമ്മയുടെ വീട്ടിൽ നിന്നു വെള്ളമെടുക്കാൻ റെയിൽപാളം മുറിച്ചു കടന്ന മൂന്നുവയസ്സുകാരൻ ട്രെയിനിടിച്ചു മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരനെ ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൊഗ്രാൽ ഒളച്ചാലിൽ വാടകയ്ക്കു താമസിക്കുന്ന സിദ്ധിക്ക്- ആയിഷ ദമ്പതികളുടെ ഇളയ മകൻ ബിലാൽ (മൂന്ന്) ആണ് അമ്മയുടെ കൺമുന്നിൽ മരിച്ചത്. ഇവരുടെ മൂത്തമകൻ ഇസ്മായിലിനു (അഞ്ച്) തലയ്ക്കു ഗുരുതര പരുക്കുണ്ട്. 

ഞായറാഴ്ച ഉച്ചയ്ക്കു 12:30നാണ് അപകടം. ട്രാക്കിന് എതിർവശം ആയിഷയുടെ കുടുംബവീട്ടിൽ നിന്നു വെള്ളമെടുക്കാൻ വീട്ടുകാരറിയാതെ കുടവുമായി ട്രാക്കിൽ കയറിയതായിരുന്നു കുരുന്നുകൾ. അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ആയിഷ കുട്ടികളെ അന്വേഷിച്ച് ഓടിയെത്തിയപ്പോഴേക്കും ട്രെയിൻ രണ്ടുപേരെയും ഇടിച്ചു തെറിപ്പിച്ചു.

മംഗളൂരു കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ തൊട്ടടുത്തുള്ള വൈദ്യുതത്തൂണിൽ ചെന്നു പതിച്ചു. ബിലാൽ സംഭവസ്ഥലത്തു തന്നെ മരിച്ചു. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്കു മാറ്റി.

related stories